കൊവിഡ് കൂടുന്നു; കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പു നൽകി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്നും കത്തിൽ പറയുന്നു. "ചില സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപന സാഹചര്യം ഉണ്ട്. ഇതുവരെ കരസ്ഥമാക്കിയ നേട്ടം നഷ്ട്ടപ്പെടുത്താതെ കൊവിഡിനായുള്ള പോരാട്ടം തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം" കത്തിൽ പറഞ്ഞു. 700 പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 4 മാസത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,623 ആയി.