അന്താരാഷ്ട്രയാത്രികരുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; നിബന്ധന പിൻവലിച്ചേക്കും
കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്ക് മുമ്പ് എയർ സുവിധയിൽ കൊവിഡ്-19 ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്ന നിബന്ധന കേന്ദ്ര സർക്കാർ പിന്‍വലിച്ചേക്കും. വാക്സിനെടുത്തവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടിവരില്ല. പക്ഷേ ആരോഗ്യ സാക്ഷ്യ പത്രം നൽകണമെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ലെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എയർ സുവിധയുടെ പോർട്ടലിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കാർക്ക് അസൗകര്യമുണ്ടായാൽ നിബന്ധനകളിൽ ഇളവ് നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം നേരത്തെ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അനുകൂല തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.