കൊവിഡ്; ഇന്ത്യയില്‍ പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു
പൂനെ: അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം സ്ഥിരീകരിച്ച പുതിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. സാമ്പിളിന്‍റെ വിശദപരിശോധനയിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ ബിഎ.5ല്‍ നിന്ന് രൂപപ്പെട്ട ഉപവകഭേദമാണ് ഇത്. യുഎസില്‍ അടുത്ത ദിവസങ്ങളിലായി കൊവിഡ് കേസുകള്‍ വ്യാപകമായി ഉയരുന്നതിന് ഇടയാക്കിയ വകഭേദമാണിത്. യുഎസില്‍ നിലവിലുള്ള കേസുകളില്‍ 60 ശതമാനവും ബിക്യൂ.1 മൂലമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ചൈനയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണിന്‍റെ മറ്റൊരു വകഭേദമായ ബിഎഫ്.7 ഗുജറാത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുണെയില്‍ ബിക്യൂ.1 കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം രോഗവ്യാപനശേഷിയുള്ള രണ്ട് വകഭേദങ്ങളാണിതെന്നാണ് വിലയിരുത്തല്‍.