കൊവിഡ് നയം; ചൈനീസ് സര്‍ക്കാറിനെതിരെ ഷാങ്ഹായിയില്‍ പ്രക്ഷോഭം
ഷാങ്ഹായി: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം. ഷാങ്ഹായിലെ തെരുവുകളിൽ ഞായറാഴ്ച പുലർച്ചെ പ്രതിഷേധം നടക്കുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ചൈനീസ് സർക്കാരിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം. ഉറുംഖിയിലെ ഒരു അപ്പാർട്ട്മെന്‍റിലുണ്ടായ തീപിടുത്തത്തിൽ 10 പേർ പൊള്ളലേറ്റ് മരിച്ചതാണ് പ്രക്ഷോഭം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാൻ കാരണം. സംഭവത്തിൽ ഒൻപത് പേർക്ക് പൊള്ളലേറ്റു. കൊവിഡ് നിയന്ത്രണങ്ങൾ മരണങ്ങൾ വർധിപ്പിച്ചെന്നാണ് ആക്ഷേപം. കൊവിഡ് നിയന്ത്രണത്തിന്‍റെ പേരിൽ, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കർഫ്യൂ നിലനില്‍ക്കുന്ന പ്രദേശമാണ് ഉറുംഖി. രാജ്യത്ത് 40 ലക്ഷത്തോളം പേർ 100 ദിവസമായി വീടുകളിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഷാങ്ഹായ് നഗരത്തിൽ 200 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.