നാനൂറോളം കൊവിഡ് രോഗികൾ. രണ്ടു മരണം, സ്ഥിതിഗതി മോശമെന്ന് കൗൺസിലർ ജോൺ ഡാനിയേൽ.
തൃശ്ശൂർ കിഴക്കും പാട്ടുകര ഡിവിഷനിൽ കൊവിഡ് രൂക്ഷം.
തൃശ്ശൂർ :
തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ നഗരത്തിന് സമീപം കിഴക്കും പാട്ടുകര ഡിവിഷനിൽ മാത്രം നാനൂറോളം കൊവിഡ് രോഗികൾ. രണ്ട് പേർ മരണമടഞ്ഞു. അമ്പതു ശതമാനത്തിനടുത്താണ് ഡിവിഷനിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡിവിഷനിലെ ഭീകരാവസ്ഥ കൗൺസിലർ ജോൺ ഡാനിയേൽ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തു. കണ്ടെയ്ൻമെന്റ് സോൺ എന്നു തീരുമെന്ന് ഡിവിഷനിലെ നിരവധിപേർ നിരന്തരം ചോദിച്ചതോടെയാണ് കൊവിഡിന്റെ ഭീകരാവസ്ഥ കൗൺസിലർ വ്യക്തമാക്കിയത്.
അതീവ ഗുരുതര പ്രതിസന്ധിയിലൂടെയാണ് ഡിവിഷൻ കടന്ന് പോവുന്നത്. 383 പേർ ഇതുവരെ ഡിവിഷൽ കൊവിഡ് പോസിറ്റീവായി. 93 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 290 പേർ വീടുകളിൽ നീരീക്ഷണത്തിൽ കഴിയുന്നു. ആർ ആർ ടിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള ശ്രമം നടത്തി വരുന്നുണ്ട്. നാട്ടുകാരുടെ മുഴുവൻ പിന്തുണയുണ്ടായാൽ മാത്രമേ കൊവിഡിനെ പിടിച്ച് കെട്ടാനാകൂ എന്ന് കൗൺസിലർ വാർഡ് മെമ്പർമ്മാർക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി.