മൂർധന്യാവസ്ഥ മറികടന്നു, ഒക്ടോബറോടെ കേരളത്തിൽ കൊവിഡ് ബാധ കുറയുമെന്ന് എയിംസ് പ്രൊഫസർ
കേരളത്തിൽ കൊവിഡ് ബാധ അതിൻ്റെ മൂർധന്യാവസ്ഥ മറികടന്നതായും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുമെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പ്രൊഫസർ സഞ്ജയ് റായ്. ഒക്ടോബർ ആദ്യ വാരത്തോടെ കാര്യമായ കുറവ് വരുമെന്നാണ് കണക്കു കൂട്ടുന്നത്.
കേരളത്തിലെ മുൻ സെറോ സർവേ ഫലം സൂചിപ്പിച്ചത് ഭൂരിഭാഗം ജനങ്ങൾക്കും രോഗബാധ ഉണ്ടായിട്ടില്ലെന്നും അതിനാൽ വലിയൊരു ജനവിഭാഗത്തിന് രോഗബാധയുണ്ടാവാനുള്ള സാധ്യത നിലനില്ക്കുന്നു എന്നുമാണ്. എന്നാൽ ഏറ്റവും പുതിയ സെറോ സർവേ കാണിക്കുന്നത് 46 ശതമാനം പേരിലും വാക്സിൻ മൂലമോ രോഗം വന്നുപോയതു മൂലമോ ആന്റിബോഡികൾ ഉണ്ടെന്നാണ്- എ എൻ ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രൊഫസർ സഞ്ജയ് റായ് പറഞ്ഞു.
കഴിഞ്ഞ 2-3 മാസങ്ങളിലെ ഡാറ്റ നോക്കിയാൽ കേരളം അതിൻ്റെ ഉച്ചസ്ഥായി കടന്നിരിക്കുന്നു എന്ന് മനസ്സിലാക്കാം. അടുത്ത 2 ആഴ്ചയ്ക്കുള്ളിൽ കേസുകളിൽ കാര്യമായ കുറവുണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെപ്പോലെ ഒക്ടോബർ ആരംഭത്തോടെ കേരളത്തിലും കോവിഡ് കേസുകളിൽ കുറവു വന്നു തുടങ്ങും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പുതിയ കേസുകളുടെ എണ്ണം 20,000 ത്തിൽ താഴെയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോഴും സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധർ ഒരു മൂന്നാം തരംഗ സാധ്യത തള്ളിക്കളഞ്ഞിട്ടില്ല എന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.