കൊവിഡ് രൂക്ഷം; ഇന്ത്യക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി നേപ്പാൾ
നേപ്പാൾ: നാല് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേപ്പാൾ ഇന്ത്യൻ പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പടിഞ്ഞാറൻ നേപ്പാളിലെ ബൈത്താഡി ജില്ലയിലെ ജ്വാലഘട്ട് അതിർത്തി വഴി എത്തിയ നാല് വിനോദസഞ്ചാരികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലേക്ക് മടങ്ങാൻ ഇവർക്ക് നിർദേശം നൽകിയതായി ബൈത്താഡി ഹെൽത്ത് ഓഫീസിലെ ഇൻഫർമേഷൻ ഓഫീസർ ബിപിൻ ലേഖക് പറഞ്ഞു. ഇന്ത്യക്കാരുടെ കൊവിഡ് പരിശോധന വർദ്ധിപ്പിച്ചതായും ഇന്ത്യയിലേക്ക് പോയ നിരവധി നേപ്പാൾ പൗരൻമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബൈത്താഡി ജില്ല ഇപ്പോൾ കൊവിഡ് ഹൈറിസ്‌ക് പ്രദേശമാണ്. മൂന്നാഴ്ച മുമ്പ് ഇവിടെ ഒരു കേസും ഉണ്ടായിരുന്നില്ല, ഇപ്പോൾ 31 കേസുകളുണ്ട്. നേപ്പാളിൽ ചൊവ്വാഴ്ച 1,090 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.