കൊവിഡ് പടരുന്നു: പാരമ്പര്യ ചികിത്സ മതി; നിര്‍ദേശവുമായി ഉത്തരകൊറിയ
പ്യോംങ്യാംഗ്: പ്രതിരോധ വാക്സീൻ ലഭ്യമാക്കിയിട്ടില്ലാത്ത ഉത്തര കൊറിയയിൽ കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ പരമ്പരാഗത ചികിത്സാരീതികൾ നിര്‍ദേശിച്ച് സര്‍ക്കാര്‍. ചുക്കുകാപ്പി കുടിക്കുന്നത് അടക്കമുള്ള പാരമ്പര്യ ചികിത്സ രീതികള്‍ കൊണ്ട് കൊവിഡിനെ പിടിച്ചുക്കെട്ടാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ ഉത്തര കൊറിയയിലെ ജനങ്ങൾക്ക് സൗജന്യമാണ്.
എന്നാൽ, 2020-ൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ അതിർത്തികൾ അടച്ചിടുകയാണ് കിം ജോങ് ഉൻ ആദ്യം ചെയ്തത്. പിന്നീട് പ്രതിരോധ കുത്തിവെപ്പടക്കമുള്ള വിദേശ ഏജൻസികളുടെ സഹായങ്ങൾ നിരസിക്കുകയും ചെയ്തു. നേരത്തെ, ഉത്തരകൊറിയയിലെ പ്യോംങ്യാംഗ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലീഡർ കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിന്‍റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യഅടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്ന സൂചനയാണ് അന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി നൽകിയത്. എന്നാൽ, രണ്ടരക്കോടി ജനങ്ങൾ കഴിയുന്ന ഉത്തര കൊറിയയിൽ നിരവധി പേർക്ക് ഇതിനോടകം തന്നെ കൊവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ അഭിപ്രായം.