രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് കേന്ദ്രം.

ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മറ്റ് നിബന്ധനകളില്ലാതെ അന്തർസംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരക്കാർക്ക് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാൻ ആർ ടി പി സി ആറിന്റെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

നിലവിൽ സിക്കിമും മഹാരാഷ്ട്രയും മാത്രമാണ് രണ്ട് ഡോസ് വാക്സിൻ എടുത്തവ‌ർക്ക് അന്തർ സംസ്ഥാന യാത്രകൾ അനുവദിക്കുന്നത്. ബംഗാൾ, കർ‌ണാടക ഉൾപ്പെടെയുള്ളിടത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്ത് കടക്കാൻ അനുമതിയുള്ളു.

ഈ കാര്യത്തിൽ സംസ്ഥാനങ്ങൾ ഏകീകൃതമായ ഒരു നയം സ്വീകരിക്കണമെന്ന് കേന്ദ്ര നിർദേശമുണ്ട്. സംസ്ഥാനങ്ങളുടെ ഇത്തരം നിലപാടുകൾ ടൂറിസം മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് നിരവധി സംഘടനകൾ കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിർദേശം.

Related Posts