"കൊവിഡ് കാൽവിരൽ", കാരണം കണ്ടെത്തി ഗവേഷകർ

"കൊവിഡ് റ്റോസ് " അഥവാ "കൊവിഡ് കാൽവിരൽ" എന്ന് ആരോഗ്യരംഗത്ത് അറിയപ്പെടുന്ന പുതിയ രോഗാവസ്ഥയ്ക്ക് കാരണം ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമെന്ന് പുതിയ പഠനം.

കൊവിഡിന്റെ വ്യാപനത്തെ തുടർന്നാണ് 'ചിൽബ്ലെയിൻസ് ' എന്ന രോഗാവസ്ഥ ആരോഗ്യ വിദഗ്ധർക്കിടയിൽ സവിശേഷ ശ്രദ്ധ നേടിയത്. അതിയായ തണുപ്പും ഈർപ്പവും കാരണം കൈപ്പത്തിയും കാല്പാദങ്ങളും വേദനയോടും ചൊറിച്ചിലോടും കൂടി തടിച്ചുതിണർക്കുന്ന അവസ്ഥയാണ് ചിൽബ്ലെയിൻസ് എന്ന് അറിയപ്പെടുന്നത്. കൗമാരക്കാരിലും യൗവനത്തിലേക്ക് പ്രവേശിച്ചവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

ചുവന്നനിറത്തിലോ ചാരനിറത്തിലോ ആണ് ക്ഷതങ്ങൾ കാണപ്പെടുന്നത്. കാൽവിരലുകളിലാണ് കൂടുതലും എന്നതിനാലാണ് ഇത് കൊവിഡ് റ്റോസ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ചിലർക്ക് കൈവിരലുകളിലും ചുവന്ന് തിണർത്ത പാടുകൾ വരും. ചൊറിച്ചിലും അസ്വസ്ഥതയും ഉള്ളതിനാൽ ചെരിപ്പോ ഷൂസോ ധരിക്കാൻ പ്രയാസം അനുഭവപ്പെടും. ഡെർമാറ്റോളജി എന്ന ബ്രിട്ടീഷ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധയോടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം ശക്തമായി പ്രതിപ്രവർത്തിക്കുന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്ന് ഗവേഷകർ പറയുന്നു. അമിതമായ പ്രതികരണം ശരീര കോശങ്ങൾക്കും കലകൾക്കും സാരമായ ക്ഷതങ്ങൾ വരുത്തും. പാരീസിലെ സെന്റ് ലൂയിസ് ആശുപത്രിയിൽ നടന്ന പഠനത്തിൽ ചുമ, ശ്വാസ തടസ്സം, മണം നഷ്ടപ്പെടൽ തുടങ്ങി കൊവിഡിൻ്റെ ലക്ഷണങ്ങൾ പ്രകടമാക്കിയ രോഗികളിലെല്ലാം ആർ ടി പി സി ആർ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ആണ് കാണിച്ചത്. വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ഇന്റ ർഫെറോൺ ടൈപ്പ് 1 എന്ന പ്രോട്ടീൻ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയാണ്. ഉയർന്ന അളവിലുള്ള ആന്റി ബോഡികളുടെ ഉത്പാദനം ശരീരകലകൾക്ക് ക്ഷതം സംഭവിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു.

Related Posts