കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സൊലസ് എന്ന സംഘടനയും.
കൊവിഡ് ആശ്വാസ പദ്ധതിയിലേക്ക് ഐ സി യു ബെഡുകളും വെന്റിലേറ്ററുകളും നല്‍കി.
കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പീഡിയാട്രിക് വിഭാഗത്തിലേക്ക് 18 ലക്ഷം രൂപ വിലവരുന്ന 21 ഐ സി യു ബെഡുകളും, 3 നോണ്‍ ഇന്‍വാസിവ് വെന്റിലേറ്ററുകളും സൊലസ് സംഭാവ നല്‍കി. ഇതില്‍ 9 ഐ സി യു ബെഡുകളും, 3 നോണ്‍ ഇന്‍വാസിവ് വെന്റിലേറ്ററുകളും റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ബിജു കൃഷ്ണനു കൈമാറി.
കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിലുടനീളം ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ചവരും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൊലസ്. കൊവിഡ് -19 മഹാമാരിയുടെ കാലത്തും തങ്ങളാലാവുംവിധം സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു സംഘടന.
കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിലെ 2008 ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥികളും, ഓറിഗോണ്‍ മലയാളീ അസോസിയേഷനും (സ്വരം) ചേര്‍ന്നാണ് ഐ സി യു ബെഡുകള്‍ക്കും വെന്റിലേറ്ററുകള്‍ക്കുമുള്ള തുക കണ്ടെത്തിയത്. തൃശൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പൂര്‍ണമായും കൊവിഡ് -19 പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ലോല ദാസ്, ഡോ. പി വി അജയന്‍, സൊലസ് സെക്രട്ടറിയും സ്ഥാപകയുമായ ഷീബ അമീര്‍ എന്നിവര്‍ പങ്കെടുത്തു.