കൊവിഡ്; 56 ദശലക്ഷത്തിലധികം ഇന്ത്യക്കാർ കടുത്ത ദാരിദ്ര്യത്തിലെന്ന് ലോകബാങ്ക്
ന്യൂഡൽഹി: മധ്യ ചൈനയിലെ വുഹാനിൽ നിന്ന് ഉയർന്നുവന്ന കൊവിഡ്-19 മഹാമാരി ലോക സാമ്പത്തിക പ്രവർത്തനങ്ങളെ താറുമാറാക്കി. ലോക്ക്ഡൗൺ വ്യവസായങ്ങളെ ഏതാണ്ട് നിശ്ചലമാക്കി. ലോകബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2020ൽ ലോകത്ത് 71 ദശലക്ഷം ആളുകൾ കൊവിഡ്-19 മൂലം കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. ഇതിൽ 79 ശതമാനവും ഇന്ത്യക്കാരാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. "ദാരിദ്ര്യവും പങ്കുവെയ്ക്കപ്പെട്ട സമൃദ്ധിയും" എന്ന തലക്കെട്ടിലാണ് ലോകബാങ്ക് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് മഹാമാരി ലോകത്ത് ദാരിദ്ര്യം വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യ നിരക്ക് 2019ൽ 8.4 ശതമാനത്തിൽ നിന്ന് 2020ൽ 9.3 ശതമാനമായി ഉയർന്നു. 2020 അവസാനത്തോടെ, 71 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി, അതിന്‍റെ ഫലമായി ആഗോളതലത്തിൽ 700 ദശലക്ഷത്തിലധികം ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുന്നു.