വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കരുത്; കോവിഷീൽഡ് മൂന്നാം ഡോസ് എടുക്കുന്നത് ഫലപ്രദം; സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി.

ഡൽഹി: വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കരുതെന്നും ഒരേ നിർമാതാക്കളുടെ രണ്ട് ഡോസും എടുക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമെന്നും കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി സിറസ് പൂനാവാല പറഞ്ഞു.

ഈയടുത്ത് നടന്ന പഠനത്തിൽ കോവിഷീൽഡും കൊവാക്സിനും ഇടകലർത്തി ഉപയോഗിച്ചവരിൽ പ്രതിരോധശേഷി വർധിച്ചതായുള്ള ഐ സി എം ആറിന്റെ കണ്ടെത്തലിനെയാണ് സിറസ് നിരാകരിച്ചത്.

രണ്ട് ഡോസ് ഇടകലർത്തി ഉപയോഗിക്കുന്ന വാക്സിൽ ഫലപ്രദമായി പ്രവർത്തിച്ചില്ലെങ്കിൽ ഇരു കമ്പനികളും പരസ്പരം പഴിചാരുകയല്ലാതെ ഗുണപരമായി ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിനുപകരം തന്റെ കമ്പനി നിർമ്മിക്കുന്ന കോവിഷീൽഡിന്റെ രണ്ട് ഡോസിന് പുറമേ മൂന്നാമതൊരു ഡോസ് കൂടി എടുക്കുന്നത് കുറച്ചു കൂടി ഫലപ്രദമായിരിക്കുമെന്ന് സിറസ് വെളിപ്പെടുത്തി. ആറു മാസത്തിനു ശേഷം വാക്സിന്റെ പ്രതിരോധശേഷി കുറയുമെന്നും അതിനായി മൂന്നാമത് ഒരു ഡോസ് കൂടി എടുക്കുന്നത് നന്നായിരിക്കുമെന്നും സിറസ് പറഞ്ഞു.

സെപ്തംബറോടു കൂടി 45 കോടി ഡോസുകൾ ലഭ്യമാക്കുമെന്ന കേന്ദ്രസർക്കാരിന്റെ വാദത്തെയും സിറസ് പൂനെവാല നിഷേധിച്ചു. രാഷ്ട്രീയക്കാർ തങ്ങളുടെ ആവശ്യത്തിന് വേണ്ടി എല്ലാം കൂട്ടിപറയുമെന്നും ഒരു മാസത്തിൽ 10 കോടി വാക്സിനുകൾ ആണ് തന്റെ കമ്പനി നിശ്വസിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related Posts