പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണം; അലഹബാദ് ഹൈക്കോടതി
അലഹബാദ്: രാജ്യത്ത് ഗോവധം നിരോധിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമായതിനാൽ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഹിന്ദുമതത്തിൽ, പശു ദൈവികതയെയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധീകരിക്കുന്നു. അതിനാൽ പശുക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. പശുവിനെ ബഹുമാനിക്കുന്ന രീതിക്ക് വേദകാലത്തോളം പഴക്കമുണ്ട്. പശുവിനെ കൊല്ലുകയോ അങ്ങനെ ചെയ്യാൻ അനുവദിക്കുകയോ ചെയ്യുന്നവരുടെ ശരീരത്തിൽ രോമമുള്ളിടത്തോളം കാലം നരകത്തിൽ അഴുകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു വിശ്വാസമനുസരിച്ച്, ബ്രഹ്മാവ് ഒരേ സമയം പുരോഹിതൻമാരെയും പശുക്കളെയും സൃഷ്ടിക്കുന്നു. പൂജാരിമാർ മന്ത്രങ്ങൾ ചൊല്ലുന്ന അതേ സമയം തന്നെ പൂജകൾക്ക് നെയ്യ് നൽകാൻ പശുക്കൾക്ക് കഴിയും. അതുകൊണ്ടാണ് രണ്ടും ഒരേ സമയം സൃഷ്ടിക്കപ്പെട്ടത്. ശിവൻ, ഇന്ദ്രൻ, കൃഷ്ണൻ തുടങ്ങിയ ഹിന്ദു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദു മതത്തിൽ, മൃഗങ്ങളിൽ ഏറ്റവും പവിത്രമാണ് പശു. കാമധേനു എന്നും അറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്നും വിധിയിൽ പറയുന്നു. ഒരു പശുവിന്‍റെ കാലുകൾ നാല് വേദങ്ങളെ സൂചിപ്പിക്കുന്നു. അവയുടെ പാലിന്‍റെ ഉറവിടം നാല് പുരുഷാര്‍ഥങ്ങളാണ്. കൊമ്പുകൾ ദൈവങ്ങളെ പ്രതിനിധീകരിക്കുന്നു. മുഖം ചന്ദ്രനെയും സൂര്യനെയും തോളുകൾ അഗ്നിയെയും പ്രതിനിധീകരിക്കുന്നു. നന്ദ, സുനന്ദ, സുരഭി, സുശീല, സുമന എന്നീ പേരുകളിലാണ് പശുക്കൾ അറിയപ്പെടുന്നതെന്ന് ജസ്റ്റിസ് ഷമീം മുഹമ്മദ് നിരീക്ഷിച്ചു.