വൃക്ക രോഗികൾക്ക് ആശ്വാസമായി സി. പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വലപ്പാട് സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് വൃക്കരോഗികൾക്ക് ആശ്വാസമായി എടത്തിരുത്തി കുട്ടമംഗലത്ത് ഡയാലിസിസ് സെൻ്റർ ആദ്യ രോഗിയെ കൊണ്ടുതന്നെ ഉദ്ഘാടനം നടത്തി പ്രവർത്തനമാരംഭിച്ചു.
സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റിൻ്റെ പുതിയ സംരംഭമാണ് സി.പി. ട്രസ്റ്റ് ഡയാലിസിസ് സെന്റർ. നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഇവിടെ ഡയാലിസിസ് ചെയ്യാം. അത്യാധുനിക രീതിയിലുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പ്രാഥമിക ഘട്ടത്തിൽ അഞ്ച് ഡയാലിസിസ് മെഷിനാണ് സെന്ററിൽ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 10 പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. ഡോക്ടറടക്കം 6 സ്റ്റാഫുകൾ ഡയാലിസിസ് സെന്ററിലുണ്ടാകും. അർഹതയുള്ള രോഗികൾക്ക് സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ നിർധന കുടുംബങ്ങളിലെ രോഗികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയതെന്ന് സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് പറഞ്ഞു.
വൃക്കരോഗിയായ ലൈല ഹസൻ സി.പി. ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ചന്ദ്രബാബു അധ്യക്ഷനായി. സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ്, ട്രസ്റ്റ് അംഗങ്ങളായ രഹ്ന സാലിഹ്, ഡോ.സി.പി ഹിലാസ്, ഡോ: സി.പി സനം ഹിലാസ്, സി.പി.അബൂബക്കർ, സി.പി ആരിഫ അബൂബക്കർ, മുഹമ്മദ്,നൗഷാദ് ആറ്റുപറമ്പത്ത്, ഇൻഷാദ് വലിയകത്ത് തുടങ്ങിയവർ സംസാരിച്ചു.