'രണ്ടുവർഷത്തേക്കെങ്കിലും സിപിഐയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വേണം'
കൊല്ലം: രണ്ടുവർഷത്തേക്കെങ്കിലും സിപിഐയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആവശ്യം. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ചർച്ചയിലാണ് ഈ ആവശ്യം ഉയർന്നത്. പാർട്ടിക്ക് മുമ്പും ഒരു മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യം ഉന്നയിക്കണമെന്നുമാണ് പൊതുചർച്ചയിൽ ഉയരുന്ന ആവശ്യം. പുതിയ സുപ്രധാന വകുപ്പുകൾ ചോദിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും നല്ല വകുപ്പുകൾ സി.പി.എം പിടിച്ചെടുത്തെന്നും അഭിപ്രായമുയർന്നു. സി.പി.ഐ ജില്ലാ സമ്മേളനങ്ങളിൽ സി.പി.എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ വിവിധ വിമർശനങ്ങൾ ഉയർന്നെങ്കിലും കൊല്ലത്ത് നടന്നത് അധികാരത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു. കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ നേതാക്കള്‍ ശ്രമിക്കണം. പലപ്പോഴും സിപിഐ മന്ത്രിമാരുടെ വകുപ്പില്‍ നടക്കുന്ന ഉദ്യോഗസ്ഥ നിയമനം പോലും മന്ത്രിമാര്‍ അറിയുന്നില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്ന വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരെയുണ്ടായത് സർക്കാരിനെയും മുന്നണിയെയും ബാധിക്കുന്ന ഒരു പ്രശ്നം ഉണ്ടെങ്കിൽ കാനം രാജേന്ദ്രൻ മിണ്ടാറില്ല. നേരത്തെ സി.പി.ഐ സെക്രട്ടറിമാർ ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് നേരെയും വിമർശനമുണ്ടായി. വകുപ്പ് സമ്പൂർണ പരാജയമാണെന്നും വിലക്കയറ്റം രൂക്ഷമാകുമ്പോൾ അത് തടയാൻ ഭക്ഷ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.