സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സംഘടനാ പ്രശ്നങ്ങൾ ചർച്ചയാകും
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആലപ്പുഴയിലെ ഗൗരവമേറിയ സംഘടനാ പ്രശ്നങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അംഗങ്ങൾ പാർട്ടി വിടുന്നതും ലഹരി മാഫിയ ബന്ധവും ആലപ്പുഴയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. കരുനാഗപ്പള്ളി ലഹരിമരുന്ന് കേസിലെ പ്രതി ഇജാസിനെ പുറത്താക്കുകയും ഏരിയാ കമ്മിറ്റി അംഗം ഷാനവാസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെറ്റ് തിരുത്തൽ രേഖ നടപ്പാക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ ഉടലെടുത്ത പ്രശ്നങ്ങൾ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കൂടുതൽ തിരുത്തൽ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയേക്കും. കൂടാതെ, എൽഡിഎഫ് നേതൃയോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് എ.കെ.ജി സെന്‍ററിലാണ് യോഗം. സംസ്ഥാനത്തിന്‍റെ വികസനത്തിനായി തയ്യാറാക്കിയ രൂപരേഖയായിരിക്കും യോഗത്തിന്‍റെ പ്രധാന അജണ്ട. രേഖ എല്ലാ ഘടകകക്ഷികൾക്കും നൽകിയിരുന്നു. ഓരോ കക്ഷിയോടും അവരുടെ അഭിപ്രായങ്ങൾ രേഖാമൂലം അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ബഫർ സോണുമായി ബന്ധപ്പെട്ട ആശങ്കകളും യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.