കണ്ണൂർ പാത്തൻപാറയിൽ ഒന്നര ഏക്കറേളം സ്ഥലത്ത് വിള്ളൽ; പരിഭ്രാന്തരായി പ്രദേശവാസികൾ
കണ്ണൂർ: പാത്തൻപാറയിൽ ക്വാറിയോട് ചേർന്നുള്ള ഒന്നര ഏക്കറോളം സ്ഥലത്ത് വിള്ളൽ രൂപപ്പെട്ടു. മലയും കൂറ്റൻ പാറക്കഷണങ്ങളും ഏതുനിമിഷവും ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഉത്തരാഖണ്ഡിലെ ജോഷിമഠായി കേരളത്തിലെ പാത്തൻപാറ മാറുമോ എന്നതാണ് പ്രദേശവാസികളുടെ ആശങ്ക. അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ഇത്തരമൊരു ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിക്ക് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യവും നാട്ടുകാരിൽ നിന്ന് ഉയരുന്നുണ്ട്. 2008ലാണ് ക്വാറി പ്രവർത്തനം ആരംഭിച്ചത്. ക്വാറിക്ക് മുകളിൽ ഒരു കിലോമീറ്ററോളം നീളത്തിലും അഞ്ച് മീറ്റർ ആഴത്തിലുമാണ് വിള്ളൽ വീണിരിക്കുന്നത്. വിള്ളൽ രൂപപ്പെട്ടതോടെ അര ഏക്കറോളം സ്ഥലത്തെ മണ്ണും പാറക്കഷണങ്ങളും ക്വാറിയിലേക്ക് പതിച്ചു. മഴക്കാലത്ത് നീർച്ചാലിൽ വെള്ളം നിറഞ്ഞ് മല ഒന്നാകെ താഴേക്ക് വീഴുമോ എന്നുള്ള ആശങ്കയിലാണ് നാട്ടുകാർ. കരുവഞ്ചാൽ, വെള്ളാട് തുടങ്ങിയ പ്രദേശങ്ങളിലായി ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ക്വാറിക്ക് ചുറ്റുമുണ്ടായ വിള്ളലുകൾ ഈ കുടംബങ്ങളുടെ ജീവനും കൃഷിസ്ഥലങ്ങൾക്കും ഭീഷണിയുയർത്തുകയാണ്.