ഉത്തരാഖണ്ഡിൽ വീടുകളില്‍ വിള്ളല്‍; 600 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും
ദെഹ്‌റാദൂണ്‍: വിചിത്രമായ ഭൗമശാസ്ത്ര പ്രതിഭാസം മൂലം നിരവധി വീടുകൾ തകർന്ന് അപകടാവസ്ഥയിലായ ജോശിമഠില്‍ 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് കുടുംബങ്ങളെ മാറ്റാൻ ഉത്തരവിട്ടത്. ധാമി ശനിയാഴ്ച സ്ഥലം സന്ദർശിക്കും. മണ്ണിടിഞ്ഞു താഴ്ന്നത് പരിശോധിക്കാൻ കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. മനുഷ്യവാസ കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, ഹൈവേകൾ, നദിയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവ സംഘം പരിശോധിക്കും. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട പരിഹാരങ്ങളെക്കുറിച്ചും ഉടൻ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്ത് ആരോഗ്യ സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നും ആവശ്യമെങ്കിൽ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവർത്തനത്തിന് തയ്യാറാകണമെന്നും ധാമി നിർദ്ദേശിച്ചു.