ഇന്ത്യക്കെതിരെ 33 പന്ത് ബാക്കി നിൽക്കേ മൂന്നു വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കാണാൻ ലങ്കക്കായി.
ട്വന്റി 20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക.
കൊളംബോ: ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി ശ്രീലങ്ക. ഇന്ത്യയെ ഏഴ് വിക്കറ്റിന് തകർത്താണ് ശ്രീലങ്ക ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പര (2–1) നേടിയത്. ബാറ്റിങ്ങിൽ തകർന്നുപോയ ഇന്ത്യക്കെതിരെ 33 പന്ത് ബാക്കി നിൽക്കേ മൂന്നു വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം കാണാൻ ലങ്കക്കായി (3–82). ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 81 റണ്ണെടുക്കാനേ കഴിഞ്ഞുള്ളു. 23 റണ്ണുമായി പുറത്താകാതെ നിന്ന കുൽദീപ് യാദവാണ് വലിയ നാണക്കേട് ഒഴിവാക്കിയത്. ഭുവനേശ്വർ കുമാർ(16) പിന്തുണ നൽകി. ധവാനും സഞ്‌ജുവും റണ്ണെടുത്തില്ല. നാല് ഓവറിൽ ഒമ്പത് റൺ വഴങ്ങി നാല് വിക്കറ്റെടുത്ത വാണിന്ദു ഹസരങ്കയാണ് കളിയിലെ താരം. മലയാളിയായ സന്ദീപ് വാര്യർ ഇന്ത്യൻ കുപ്പായമണിഞ്ഞു. മൂന്ന് മലയാളികളുമായാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജുവും ദേവ്ദത്ത് പടിക്കലും ടീമിലുണ്ടായിരുന്നു. പരിശീലന ബൗളറായി ലങ്കയിലെത്തിയ സന്ദീപിന് ടീമിലെ കൊവിഡ് പ്രതിസന്ധിയും നവദീപ് സെയ്നിക്ക് പരിക്കേറ്റതും തുണയായി. മൂന്നോവറിൽ 23 റൺ വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. ഇന്ത്യക്കായി രാഹുൽ ചഹാർ മൂന്ന് വിക്കറ്റ് നേടി.