ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു; സംവിധായകനാകാൻ ശിവകാര്‍ത്തികേയൻ
തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ് ശിവകാർത്തികേയൻ. ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്‍റെ ജീവചരിത്രസിനിമയില്‍ ശിവകാർത്തികേയൻ നായക വേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നടരാജൻ തന്നെയാണ് ഒരു മാധ്യമ ചർച്ചയിൽ ഇക്കാര്യം പറഞ്ഞത്. ചിത്രം ശിവകാർത്തികേയൻ തന്നെ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2020 ഡിസംബറിലാണ് ടി നടരാജൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബൗളറായി അരങ്ങേറ്റം കുറിച്ചത്. സേലം സ്വദേശിയായ നടരാജൻ തമിഴ്നാട് ക്രിക്കറ്റ് ടീം അംഗമാണ്. ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഭാഗമായിരുന്നു ടി നടരാജൻ. ശിവകാർത്തികേയന്‍റെ അവസാന ചിത്രം 'പ്രിൻസ്' ആയിരുന്നു. അനുദീപ് കെ.വിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചില്ല. 'പ്രിൻസ്' ഒരു ക്ലീൻ യു സർട്ടിഫിക്കറ്റുമായി വന്ന റൊമാന്‍റിക് കോമഡി ചിത്രമായിരുന്നു. ശ്രീ വെങ്കിടേശ്വരൻ സിനിമാസ് എൽഎൽപിയാണ് 'പ്രിൻസ്' നിർമ്മിച്ചത്. വിദേശ വനിതയുമായി പ്രണയത്തിലാകുന്ന ഒരു തമിഴ് ടൂറിസ്റ്റ് ഗൈഡിന്‍റെ വേഷമാണ് ശിവകാർത്തികേയൻ അവതരിപ്പിച്ചത്. ചിത്രത്തിൽ സത്യരാജ് ഒരു പ്രധാന വേഷം ചെയ്തപ്പോൾ ഉക്രേനിയൻ നടി മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക.