സരിത എസ് നായരുടെ ശരീരത്തിലെ രാസവസ്തുക്കളുടെ നിജസ്ഥിതി തേടി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കൾ എത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്. കെമിക്കൽ ലാബിൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരിശോധനാഫലം ലഭിച്ച ശേഷം രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ പുനഃപരിശോധന നടത്താനും ആലോചനയുണ്ട്. സാമ്പിളുകൾ ശേഖരിക്കാൻ സരിതയ്ക്ക് നോട്ടീസ് നൽകുമെന്നും അധികൃതർ അറിയിച്ചു. മുൻ ഡ്രൈവർ വിനു കുമാർ പല തവണ ഭക്ഷണത്തിൽ രാസവസ്തുക്കൾ ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതിയിൽ പറയുന്നത്. രാസവസ്തു കഴിച്ചതിന് ശേഷം തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും ഇടത് കണ്ണിനും ഇടത് കാലിലും സ്വാധീനം കുറഞ്ഞുവെന്നും സരിത പറഞ്ഞു. ഡ്രൈവർ വിനു കുമാറിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിനു കുമാറിന്‍റെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രാസവസ്തുക്കൾ നൽകി സരിതയെ കൊലപ്പെടുത്തി അതിലൂടെ വിനു കുമാർ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. വഞ്ചനയിലൂടെ സരിതയെ അപായപ്പെടുത്തി അതിലൂടെ സാമ്പത്തിക ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് സരിത നൽകിയ ലൈംഗിക പീഡന പരാതിയിൽ പരാമർശിക്കുന്ന പ്രതികളുമായി വിനു കുമാർ ഗൂഢാലോചന നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. ഐപിസി സെക്ഷൻ 307 (വധശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിത ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നും സരിത പരാതിയിൽ പറയുന്നു. അമിതമായ അളവിൽ ആർസെനിക്, മെർക്കുറി, ഈയം എന്നിവ രക്തത്തിൽ കണ്ടെത്തി. 2022 ജനുവരി മൂന്നിന് കരമനയിലെ ജ്യൂസ് കടയിൽ വെച്ച് വിനു കുമാർ രാസവസ്തുക്കൾ കലർത്തിയെന്നാണ് പരാതിയിൽ പറയുന്നത്.