നടിയെ ആക്രമിച്ച കേസിൽ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടിസ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി സി ജോർജിന്‍റെ മകൻ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊബൈൽ ഫോണും പരിശോധിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി ലഭിച്ച ചില ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ നടൻ ദിലീപിന് കൈമാറിയതായി ഷോൺ സമ്മതിച്ചിരുന്നു. ദിലീപിന്‍റെ സഹോദരൻ അനൂപിന് ഷോൺ ജോർജ് അയച്ച ചില സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. അതിജീവിതയെ പിന്തുണച്ചവരെ അപകീർത്തിപ്പെടുത്തുന്നതിന് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്നും അതിന്‍റെ ചില സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചുവെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിനെതിരെ ഗൂഡാലോചന നടന്നുവെന്ന തരത്തിൽ ഗ്രൂപ്പിൽ വന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്നാണ് കണ്ടെത്തൽ. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നാണ് ഇവ ലഭിച്ചതെന്നായിരുന്നു ഷോണിന്‍റെ മൊഴി.