വിജയ് സേതുപതിക്കെതിരെ ക്രിമിനൽ കേസ്, ബെംഗളൂരു എയർപോർട്ടിൽ നടന്ന ബഹളമാണ് കേസിൽ കലാശിച്ചത്
പ്രശസ്ത നടൻ വിജയ് സേതുപതിക്കെതിരെ ക്രിമിനൽ കേസ്. തനി ഒരുവൻ, തടൈയാര താക്ക, മീഗമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മഹാ ഗാന്ധിയാണ് വിജയ് സേതുപതിക്കെതിരെ കേസ് ഫയൽ ചെയ്തത്. ബെംഗളൂരു എയർപോർട്ടിൽ നവംബർ 2-ന് നടന്ന കോലാഹലമാണ് കേസിൽ കലാശിച്ചത്.
294 ബി (പൊതുസ്ഥലത്ത് അസഭ്യം പറയൽ), 323 (ബോധപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ), 500(മാനനഷ്ടം), 506 ഐ (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ സെയ്താപേട്ട് മെട്രോപൊളിറ്റൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഫയൽ ചെയ്ത ഹർജിയിൽ പറയുന്നത് ഇപ്രകാരമാണ്. ബെംഗളൂരുവിലേക്ക് എയർ ഏഷ്യ വിമാനത്തിൽ പോയ പരാതിക്കാരൻ അവിചാരിതമായാണ് ബാഗേജ് കളക്ഷൻ ബെൽറ്റിനടുത്തുവെച്ച് നടൻ വിജയ് സേതുപതിയെ കണ്ടുമുട്ടുന്നത്. അടുത്തിടെ വിജയം കൈവരിച്ച സിനിമകളുടെ പേരിൽ നടനെ അഭിനന്ദിച്ചു. എന്നാൽ മോശം ഭാഷയിലായിരുന്നു നടൻ്റെ പ്രതികരണം. കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യ വർഷമായിരുന്നു. അതോടെ ഇരുവർക്കും ഇടയിൽ വാക്കേറ്റമുണ്ടായി. മുന്നറിയിപ്പ് നൽകി താൻ പിൻവാങ്ങി. എന്നാൽ പിന്തുടർന്നെത്തിയ നടൻ്റെ മാനേജർ തന്നെ കൈയേറ്റം ചെയ്തു. നടൻ്റെ നിർദേശ പ്രകാരമായിരുന്നു മാനേജരുടെ മോശം പെരുമാറ്റം. മാനേജർ ജോൺസൺ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പിന്നീട് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിമാനത്താവളത്തിൽ വെച്ച് ഒരു മദ്യപൻ തന്നെ ആക്രമിച്ചതായി നടൻ ആരോപിച്ചു.