അൽ നസറിന് വേണ്ടി നാല് ഗോളുകൾ; തനി സ്വരൂപം പുറത്തെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ
പുതിയ ക്ലബിലെ പതുങ്ങിയ തുടക്കത്തിന് ശേഷം തകർപ്പൻ പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗജ അറേബ്യൻ ക്ലബ്ബ് അൽ നസറിന് വേണ്ടി കളിക്കുന്ന റൊണാൾഡോ ഇന്നലത്തെ മത്സരത്തിൽ നാല് ഗോളുകളാണ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിനായി തന്‍റെ ആദ്യ ഗോൾ നേടിയതിന് പിന്നാലെയാണ് ഗോളടി മേളം. സൗദി ലീഗിൽ അൽ വെഹ്ദയ്ക്കെതിരെയാണ് റൊണാൾഡോ ഗോൾ നേടിയത്. റൊണാൾഡോയുടെ തകർപ്പൻ പ്രകടനമാണ് നസറിനെ എതിരില്ലാത്ത നാല് ഗോളിന് ജയിക്കാൻ സഹായിച്ചത്. കളിയുടെ 21-ാം മിനിറ്റിലാണ് റൊണാൾഡോ ആദ്യ ഗോൾ നേടിയത്. പിന്നീട് 40, 53, 61 മിനിറ്റുകളിൽ റൊണാൾഡോയുടെ ബൂട്ടുകൾ അൽ-വെഹ്ദയുടെ ഗോൾ വല കുലുക്കി. ഈ ഗംഭീര പ്രകടനത്തിനിടെ റൊണാൾഡോ 500 ലീഗ് ഗോളുകൾ എന്ന നാഴികക്കല്ലും പിന്നിട്ടു. റൊണാൾഡോയുടെ കരിയറിലെ 61-ാം ഹാട്രിക്ക് കൂടിയായിരുന്നു ഇത്.