മദ്യത്തിന് ഡിസ്കൗണ്ടും റിബേറ്റും, ഡൽഹിയിൽ മദ്യക്കടകൾക്കു മുന്നിൽ ജനക്കൂട്ടം; മദ്യം വിലകുറച്ച് വിൽക്കരുതെന്ന് ഉത്തരവിറക്കി എക്സൈസ് കമ്മിഷണർ

ആൽക്കഹോൾ ബ്രാൻഡുകൾക്ക് ഡിസ്കൗണ്ടുകളും റിബേറ്റുകളും നൽകി വിൽക്കുന്ന നടപടി നിർത്തിവെയ്ക്കാൻ ഡൽഹി എക്സൈസ് കമ്മിഷണറുടെ നിർദേശം. നഗരത്തിലെ മദ്യശാലകൾക്ക് പുറത്ത് ജനത്തിരക്ക് വർധിച്ചു വരുന്നതായ റിപ്പോർട്ടുകൾ കണക്കിലെടുത്താണ് നടപടി.

മദ്യത്തിന് ഇളവുകളോ കിഴിവുകളോ നൽകി മദ്യപരെ ആകർഷിക്കുന്ന നടപടികൾ നിർത്തിവെയ്ക്കണമെന്ന് കമ്മിഷണർ ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഇളവുകൾ നൽകിയതിനെ തുടർന്ന് ജനക്കൂട്ടം മദ്യശാലകൾക്ക് പുറത്ത് തടിച്ചുകൂടിയതായും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായതായും പ്രദേശവാസികൾക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും എക്സൈസ് വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് വലിയ തോതിൽ അപകടങ്ങൾ വരുത്തിവെയ്ക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ചെറുകിട കച്ചവടക്കാർ വിട്ടുനിൽക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും- എക്‌സൈസ് കമ്മിഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Related Posts