ലോകത്താദ്യമായി കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുന്ന രാജ്യമായി ക്യൂബ
രണ്ട് വയസ്സുമുതലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന ലോകത്തെ ആദ്യത്തെ രാജ്യം എന്ന ബഹുമതി ക്യൂബയ്ക്ക് സ്വന്തം. പല രാജ്യങ്ങളിലും 12 വയസ്സു മുതലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നുണ്ടെങ്കിലും അതിലും കുറഞ്ഞ പ്രായക്കാർക്ക് നൽകാനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുന്നതേയുള്ളൂ. ചൈന, യു എ ഇ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾ കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകാനുള്ള ഒരുക്കത്തിലാണ്.
ക്യൂബയിലെ സിയൻഫൊയ്ഗോസ് പ്രവിശ്യയിലാണ് 2 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് തുടക്കം കുറിച്ചിട്ടുള്ളത്. 11.2 മില്യൺ ജനസംഖ്യയുളള ക്യൂബയിൽ ഉണ്ടായ 5700 കോവിഡ് മരണങ്ങളിൽ പകുതിയും നടന്നത് കഴിഞ്ഞ മാസമാണെന്നാണ് റിപ്പോർട്ടുകൾ.
മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകിയതിനു ശേഷമേ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കൂ എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കുട്ടികളുടെ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല.