'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' അമേരിക്കൻ സിനിമയുടെ കോപ്പിയടി, സംസ്ഥാന അവാർഡും ഐ എഫ് എഫ് കെ പുരസ്കാരങ്ങളും റദ്ദാക്കണമെന്ന് സാംസ്കാരിക മന്ത്രിക്ക് പരാതി
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമ്മൂട് മുഖ്യവേഷത്തിലെത്തിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രം അമേരിക്കൻ സിനിമയുടെ ആശയവും ദൃശ്യങ്ങളും അതേപടി പകർത്തിവെച്ച കോപ്പിയടി സിനിമയാണെന്ന് ആരോപണം. സിനിമയ്ക്ക് സംസ്ഥാന സർക്കാർ നൽകിയ പുരസ്കാരങ്ങളെല്ലാം പിൻവലിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പരാതി. സ്വതന്ത്ര സിനിമാക്കാരുടെ കൂട്ടായ്മയായ മൂവ്മെൻ്റ് ഫോർ ഇൻഡിപെൻഡൻ്റ് സിനിമ (മൈക്ക്) ആണ് പരാതി നൽകിയിട്ടുള്ളത്.
ക്രിസ്റ്റഫർ ഫോർഡിൻ്റെ തിരക്കഥയിൽ ജേക്ക് ഷ്രയർ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ 'റോബോട്ട് ആൻ്റ് ഫ്രാങ്ക് ' എന്ന അമേരിക്കൻ ചിത്രത്തിൻ്റെ ആശയവും സീനുകളും അതേപടി പകർത്തിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ നിർമിച്ചിരിക്കുന്നത് എന്നാണ് മൈക്കിൻ്റെ ആരോപണം. രണ്ട് സിനിമകളും കണ്ടിട്ടുള്ള പ്രേക്ഷകർ ഈ ആരോപണം ശരിവയ്ക്കുമെന്ന് പരാതിയിൽ പറയുന്നു. സിനിമകളുടെ സാദൃശ്യം വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ധാരാളമായി പ്രചരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡും (മികച്ച നവാഗത സംവിധായകൻ, നടൻ, മികച്ച കലാസംവിധായകൻ) 25-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലെ ഫിപ്രസി പുരസ്കാരവും ആൻഡ്രോയ്ഡ് കുഞ്ഞപ്പനായിരുന്നു.
ചലച്ചിത്ര അവാർഡിനും ചലച്ചിത്ര മേളയ്ക്കും സിനിമകൾ സമർപ്പിക്കുമ്പോൾ സൃഷ്ടി മൗലികമാണ് എന്ന സത്യവാങ്ങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കണം എന്ന നിബന്ധനയുണ്ട്. സത്യവാങ്ങ്മൂലം എഴുതി വാങ്ങുന്നു എന്നല്ലാതെ ചലച്ചിത്ര അക്കാദമി ഒരുതരത്തിലുള്ള പരിശോധനയും നടത്തുന്നില്ല എന്നാണ് ആരോപണം തെളിയിക്കുന്നത്. അവാർഡുകൾക്കും ചലച്ചിത്ര മേളകൾക്കും വേണ്ടി തിരഞ്ഞെടുക്കുന്ന സിനിമകൾ പോലും ആ രീതിയിൽ പരിശോധിക്കപ്പെടുന്നില്ല എന്നത് ചലച്ചിത്ര അക്കാദമിയുടെ കാര്യക്ഷമതയെയാണ് ചോദ്യം ചെയ്യുന്നതെന്ന് മൈക്ക് കുറ്റപ്പെടുത്തുന്നു. അക്കാദമിയുടെ അലംഭാവം സംസ്ഥാന ചലച്ചിത്ര അവാർഡിനും രാജ്യാന്തര പ്രശസ്തിയുള്ള ചലച്ചിത്ര മേളയ്ക്കും കളങ്കമായിത്തീരുകയാണ്.
മോഷണ സിനിമകൾ ആഘോഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോൾ സർഗാത്മകമായ സത്യസന്ധതയോടെ സിനിമ ചെയ്യുന്നവരുടെ മനോവീര്യത്തെയാണ് ബാധിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. മലയാള സിനിമയ്ക്ക് നാണക്കേടുണ്ടാക്കുന്ന സാഹചര്യം ഭാവിയിൽ ഒഴിവാക്കപ്പെടേണ്ടതുണ്ട്.
അമേരിക്കൻ സിനിമ അതേപടി പകർത്തിവെച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്തടിസ്ഥാനത്തിലാണ് മൗലികമെന്ന് അക്കാദമി കണ്ടെത്തിയതെന്ന് വിശദീകരിക്കണമെന്നും
സത്യവാങ്ങ്മൂലത്തിനു വിരുദ്ധമായി വസ്തുതകൾ കണ്ടെത്തിയ ചിത്രത്തിന് നൽകിയ സംസ്ഥാന അവാർഡുകളും ഫിപ്രസി പുരസ്കാരവും ഐ എഫ് എഫ് കെ ഗ്രാൻഡും പിൻവലിക്കണമെന്നുമാണ്പരാതിയിലെ ആവശ്യം.