കറന്‍സി രഹിത ഓഫീസായി പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത്
ഇനി മുതല്‍ പാഞ്ഞാള്‍ പഞ്ചായത്തില്‍ നികുതിയടക്കാന്‍ പണം വേണ്ട; കാര്‍ഡ് മതി. ഡിജിറ്റലൈസേഷൻ്റെ ഭാഗമായി കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തില്‍ പി ഒ എസ് സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫ്രണ്ട് ഓഫീസില്‍ പണമിടപാടുകള്‍ നടത്താം. പഞ്ചായത്തിലെ പി ഒ എസ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡണ്ട് വി തങ്കമ്മ നിര്‍വഹിച്ചു.
മുന്‍പ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനമാണ് പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് സമയത്ത് നികുതിയടക്കാന്‍ സാധാരണക്കാര്‍ക്ക് എ ടി എം കൗണ്ടറുകളില്‍ വരി നില്‍ക്കേണ്ട അസൗകര്യത്തെ കണക്കിലെടുത്താണ് കറന്‍സി രഹിത പണമിടപാടുകള്‍ ഡിജിറ്റലൈസ് ചെയ്തത്. എച്ച് ഡി എഫ് സി ബാങ്കുമായി സഹകരിച്ചാണ് പി ഒ എസ് സ്ഥാപിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ പാഞ്ഞാള്‍ പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍കുട്ടി, ആരോഗ്യകാര്യ ചെയര്‍പേഴ്സണ്‍ ടി വി രമണി, ക്ഷേമകാര്യ ചെയര്‍മാന്‍ എ കെ ഉണ്ണികൃഷ്ണന്‍, വികസനകാര്യ ചെയര്‍പേഴ്സണ്‍ നിര്‍മല രവികുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനങ്ങള്‍ക്കായി ക്യു ആര്‍ കോഡ് സംവിധാനവും പഞ്ചായത്തില്‍ ഉടന്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.