ദുൽഖറിന് ദാദാ സാഹേബ് ഫാൽക്കെ ഇന്റർനാഷണൽ അവാർഡ്; പുരസ്കാരം നേടുന്ന ആദ്യ മലയാള നടൻ
മുംബൈ: ദുൽഖർ സൽമാൻ നായകനായ ചുപ്പ് നിരൂപക പ്രശംസ നേടിയ ചിത്രമാണ്. നെഗറ്റീവ് റോളിൽ നായകനായി തിളങ്ങിയ ദുൽഖറിനെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചുപ്പിലെ നെഗറ്റീവ് വേഷത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായകന് ഇപ്പോൾ ദാദാ സാഹിബ് ഫാൽക്കെ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചിരിക്കുകയാണ്. പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ ദുൽഖറിന്‍റെ ഈ അവാർഡ് മലയാളികൾക്കും അഭിമാന നിമിഷമാണ്. ദുൽഖർ സൽമാനാണ് ഈ പുരസ്കാരം നേടുന്ന ആദ്യ മലയാള നടൻ. ദുൽഖറിന്‍റെ മാസ് ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ്. ആർ ബൽകി രചനയും സംവിധാനവും നിർവഹിച്ച ചുപ്പ് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. സണ്ണി ഡിയോളും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദുൽഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂക്കൾ നട്ടുവളർത്തി ഉപജീവനം നടത്തുന്ന ഡാനി എന്ന നിഗൂഢ കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വേഫേറെർ ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തത്. സീ ഫൈവ് ഓടിടി പ്ലാറ്റ് ഫോമിലും വലിയ പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് തുടരുകയാണ്.