ദില്ലി ഐഐടിയിലെ ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യ; ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പുമായി ഡയറക്ടർ
ദില്ലി: ദില്ലി ഐഐടിയിൽ ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ വൻപ്രതിഷേധം ഉയരുന്നതിനിടെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഓപ്പൺ ഹൗസിൽ ഡയറക്ടർ ഉറപ്പ് നൽകി. പന്ത്രണ്ട് ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വച്ചത്. ഗണിത ശാസ്ത്ര വിഭാഗത്തിൽ ഘടന മാറ്റം, ഗ്രേഡിംഗ് രീതിയിലെ അപാകത ഒഴിവാക്കൽ, വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, പിന്നാക്ക വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കൽ എന്നീ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഡയറക്ടർ ഉറപ്പ് നൽകി. ഇന്ന് എല്ലാ പഠന വകുപ്പുകളിലും ഇത് സംബന്ധിച്ച് ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിൽ അന്തിമ തീരുമാനമായില്ലെങ്കിൽ പഠനം മുടക്കി സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ദില്ലി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ബിടെക് വിദ്യാർത്ഥിയായ 21 വയസുകാരൻ അനിൽ കുമാർ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിദ്യാർത്ഥിയായിരുന്നു അനിൽകുമാർ. ക്യാമ്പസിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഇവർ ഒരേ ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികളാണ്. പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിരുന്നു.
അവസാന വർഷ വിദ്യാർത്ഥിയായ അനിൽകുമാറിന് മാർക്കിൽ കുറവ് വന്നതിന് ആറ് മാസത്തേക്ക് ഹോസ്റ്റൽമുറികളടക്കം നീട്ടിക്കൊടുത്തിരുന്നു. പഠനസമ്മർദമാണ് ഇത്തരത്തിലൊരു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ ഡിപ്പാർട്ട്മെന്റിൽ തന്നെ കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. സമാനമായ സാഹചര്യത്തിലായിരുന്നു ഈ വിദ്യാർത്ഥിയുടെയും ആത്മഹത്യ. ഇരുവരും ദളിത് വിദ്യാർത്ഥികളാണ്. ദളിത് വിദ്യാർത്ഥികളുടെ ശവപ്പറമ്പായി ഐ ഐ ടി മാറുന്നുവെന്ന് അംബേദ്കർ ഫൂലെ പെരിയാർ സ്റ്റുഡന്റ് സർക്കിൾ വിമർശിച്ചു.