ദസ്തക്കീർ ആന്റ് സുലു ഫ്രം റാസൽഖൈമ, 'മ്യാവൂ' ആദ്യ ടീസർ പുറത്ത്
ലാൽ ജോസ് സംവിധാനം ചെയ്യുന്ന മ്യാവൂ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ദസ്തക്കീർ എന്ന കഥാപാത്രത്തെയാണ് സൗബിൻ ഷാഹിർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. "പഴയ ചങ്ങാതിമാരുടെ മനസ്സിൽ ഒരു ദസ്തക്കീർ ഉണ്ട്, ഒരു ദസ്തയോവ്സ്കി, അത് അങ്ങനെതന്നെ നിൽക്കട്ടെ" എന്ന സൗബിന്റെ സംഭാഷണത്തോടെയാണ് ടീസർ തുടങ്ങുന്നത്. മമ്ത മോഹൻദാസാണ് നായികാ വേഷത്തിൽ. യാസ്മിന അലിദോദാവ എന്ന ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗായികയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ രചന ഇക്ബാൽ കുറ്റിപ്പുറമാണ്. അജ്മൽ ബാബു ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗാനരചന സുഹൈൽ കോയ. സംഗീതം ജസ്റ്റിൻ വർഗീസ്. തിയേറ്ററിൽത്തന്നെ
മ്യാവൂ റിലീസ് ചെയ്യുമെന്ന് സംവിധായകൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
'അറബിക്കഥ' എന്ന ചിത്രത്തിനു ശേഷം ലാൽ ജോസ് ഗൾഫ് നാടുകളിൽ ചിത്രീകരിക്കുന്ന സിനിമയാണ് മ്യാവൂ. 'എ ഡെസർട്ട് ഫാമിലി ഡ്രാമ' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.