വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് ഡേവിഡ് വാർണർ
ടി20 ലോകകപ്പിന് ഓസ്ട്രേലിയയിൽ തുടക്കമായിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ആദ്യമായി ടി20 ലോകകപ്പ് കിരീടം ഉയർത്തിയ ഓസ്ട്രേലിയ ഇത്തവണയും അത് നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഓസ്ട്രേലിയയെ കിരീടവിജയത്തിലേക്ക് നയിച്ച സീനിയർ താരങ്ങളും ടീമിലുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിരുന്നു. ഈ വർഷത്തെ ലോകകപ്പിന് ശേഷം വാർണർ ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ടി20യിൽ നിന്ന് വിരമിക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് വാർണർ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം പരിഗണിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ടി20യിൽ തുടരും, 2024 ടി 20 ലോകകപ്പ് കളിക്കാനാണ് എന്‍റെ ശ്രമം. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിലും ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ എത്രത്തോളം തുടരാനാകുമെന്ന് അടുത്ത വർഷം തീരുമാനിക്കും' വാർണർ പറഞ്ഞു.