സൗദിയിൽ ഇനി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നാളുകൾ; മുന്നറിയിപ്പുമായി അധികൃതർ
ബുറൈദ: വരും ദിവസങ്ങളിൽ സൗദി അറേബ്യ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ താപനില ഉയരുകയും പൊടിക്കാറ്റ് ഉയരുകയും ചെയ്യുമ്പോൾ, മറ്റ് ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞും മഴയും അനുഭവപ്പെടും. മദീന, കാസിം റിയാദ്, ദമ്മാം മേഖലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെങ്കിലും ത്വവൈഫ്, അസീർ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. മഴയുള്ള പ്രദേശത്തുള്ളവർ പാറക്കെട്ടുകൾ നിറഞ്ഞ മലഞ്ചെരിവുകളിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ഒഴുക്കിൽ താഴ്‌വരകളിലെ അരുവികൾ മുറിച്ചുകടക്കരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മുറൂർ) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അങ്ങനെ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെടും. കുത്തൊഴുക്ക് സമയത്ത് താഴ്‌വരകളും പാറക്കെട്ടുകളും മുറിച്ചുകടക്കുന്നത് ഗതാഗത ലംഘനമാണെന്നും ഇത് ജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ഗതാഗത വൃത്തങ്ങൾ പറഞ്ഞു. മുന്നറിയിപ്പ് അവഗണിക്കുന്നവർക്ക് 5,000 മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് അധികൃതർ അറിയിച്ചു. മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങൾക്ക് പുറമേ നജ്റാൻ, സീസാൻ, അസീർ, അൽബാഹ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലിപ്പഴ വർഷവും ഉണ്ടാകാം. റിയാദിന്‍റെ തെക്കൻ ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയിലും ഇടിമിന്നലിനും പൊടിക്കാറ്റിനൊപ്പമുളള മഴയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ കാലാവസ്ഥ അതിശക്തമായ ചൂടായിരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.