അഞ്ജുശ്രീയുടെ മരണം; സ്വകാര്യ ആശുപത്രിക്ക് പിഴവു സംഭവിച്ചതായി ഇന്‍റലിജൻസ് റിപ്പോർട്ട്
കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് 19 വയസുകാരി അഞ്ജുശ്രീ മരിച്ച സംഭവത്തിൽ ചികിത്സക്കെത്തിയ കാസർകോട് സ്വകാര്യ ആശുപത്രിക്ക് പിഴവ് സംഭവിച്ചതായി ഇന്‍റലിജൻസ് റിപ്പോർട്ട്. വിവരം യഥാസമയം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ലെന്നു കണ്ടെത്തി. അഞ്ജുശ്രീയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ജനുവരി ഒന്നിനാണ് അഞ്ജുശ്രീ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അന്നുതന്നെ വീട്ടിൽ തിരിച്ചെത്തി. തുടർന്ന് ജനുവരി അഞ്ചിനു വീണ്ടും ചികിത്സ തേടി. ആറാം തീയതി കുഴഞ്ഞുവീണ പെൺകുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തിൽ ആശുപത്രി അധികൃതർ എത്തിയിട്ടും ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെന്നും ഇന്‍റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും അന്വേഷണം തുടരുകയാണ്. അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. മരണകാരണം വ്യക്തമാക്കാനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. മംഗലാപുരം ആശുപത്രിയിൽ നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മെഡിക്കൽ വിവരങ്ങൾ തേടിയിട്ടുണ്ട്.