അഞ്ജുശ്രീയുടെ മരണം; എലിവിഷം ഉള്ളിൽച്ചെന്നെന്ന് സൂചന

പരിയാരം: കാസർകോട് പെരുമ്പള ബേനൂർ സ്വദേശിനി കെ അഞ്ജുശ്രീ പാർവ്വതിയുടെ മരണം എലിവിഷബാധയേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ സർജൻ ഭക്ഷ്യവിഷബാധ മൂലമല്ല, മറ്റ് വിഷാംശങ്ങൾ ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. വിഷം കരളിനെ ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്‍റെ ലക്ഷണമാണ് സൂചിപ്പിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തലുകൾ ഇത് ശരിവയ്ക്കുന്നതാണ്. എലിവിഷത്തെപ്പറ്റി മൊബൈൽ ഫോണിൽ സെർച്ച് ചെയ്തതിന്റെ വിശദാംശങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇവ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ കുമാരൻ നായരുടെയും കെ അംബികയുടെയും മകൾ അഞ്ജുശ്രീ ശനിയാഴ്ച പുലർച്ചെ 5.15നാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 31ന് ഹോട്ടലിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം കഴിച്ച ശേഷമാണ് മരിച്ചതെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഹോട്ടൽ ഉടമയെയും രണ്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിരുന്നു.

Related Posts