സുനന്ദ പുഷ്‌കറിന്റെ മരണം; തരൂരിനെതിരെ ഡല്‍ഹി പൊലീസ്, ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് ഡൽഹി പൊലീസ് ഹർജി നൽകി. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേൾക്കും. സുനന്ദ പുഷ്കർ കേസിൽ ഭർത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ഗാർഹിക പീഡനക്കുറ്റവും ചുമത്തണമെന്ന് ഡൽഹി പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ കുറ്റങ്ങൾ ചുമത്താൻ മതിയായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് ഡൽഹിയിലെ റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്ജി ഗീതാഞ്ജലി ഗോയലാണ് തരൂരിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെയാണ് ഡൽഹി പൊലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ ശർമ്മ നോട്ടീസ് അയച്ചു. സി.ബി.ഐ കോടതി വിധിക്കെതിരെ 15 മാസത്തിന് ശേഷമാണ് അപ്പീൽ നൽകിയതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിനോദ് പഹ്വ ഹൈക്കോടതിയെ അറിയിച്ചു. ഹർജിയുടെ പകർപ്പ് തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. കേസുമായി ബന്ധമില്ലാത്ത മറ്റാർക്കും ഹർജിയുടെ പകർപ്പ് കൈമാറരുതെന്ന തരൂരിന്റെ അഭിഭാഷകന്‍റെ ആവശ്യം ഡൽഹി ഹൈക്കോടതി അംഗീകരിച്ചു. ഡൽഹി പൊലീസ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ അഭിഭാഷകൻ കോടതിയിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.