വാളയാർ സഹോദരിമാരുടെ മരണം; കേസന്വേഷിക്കാൻ പുതിയ സിബിഐ സംഘം
പാലക്കാട്: വാളയാറിലെ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരുടെ ദുരൂഹമരണം സിബിഐയുടെ പുതിയ സംഘം അന്വേഷിക്കും. കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി വി.എസ് ഉമയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പാലക്കാട് പോക്സോ കോടതിയിൽ സിബിഐ അഭിഭാഷകൻ രേഖാമൂലം ഇക്കാര്യം അറിയിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് പാലക്കാട് പോക്സോ കോടതിയുടെ നിർദേശം. പീഡനം സഹിക്കവയ്യാതെയാണ് സഹോദരിമാർ ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് നേരത്തെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും പാലക്കാട് പോക്സോ കോടതി അത് ഫയലിൽ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കേസ് പുനരന്വേഷിക്കാൻ പാലക്കാട് ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എൽ.ജയ്വന്ത് സി.ബി.ഐക്ക് നിർദേശം നൽകി. പെൺകുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പൊലീസിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്ന കുറ്റപത്രമാണ് സി.ബി.ഐയും സമർപ്പിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മക്കളുടെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അമ്മ പറഞ്ഞിരുന്നു.