33 ശതമാനം ഇന്ത്യക്കാരും ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മൊബൈലിൽ സൂക്ഷിക്കുന്നവർ: സർവേ
ഡെബിറ്റ്- ക്രെഡിറ്റ് കാർഡ് വിവരങ്ങളും ആധാർ-പാൻ കാർഡ് വിവരങ്ങളുമെല്ലാം മൊബൈൽ ഫോണിൽ രേഖപ്പെടുത്തി വെയ്ക്കുന്നവരാണോ നിങ്ങൾ? എ ടി എം കാർഡിൻ്റെ രഹസ്യ പിൻ നമ്പർ കൂട്ടുകാർക്കോ കുടുംബാംഗങ്ങൾക്കോ കൈമാറിയിട്ടുണ്ടോ? അത്തരം 'തെറ്റായ' ശീലങ്ങൾ മാറ്റാൻ സമയമായി. സൈബർ ലോകത്തെ തട്ടിപ്പുകൾ വ്യാപിക്കുന്നതിനിടെ 'സെൻസിറ്റീവ് ഡാറ്റ' മറ്റുള്ളവരുമായി പങ്കിടുന്നതും മൊബൈലിലും കമ്പ്യൂട്ടറിലും രേഖപ്പെടുത്തി വെയ്ക്കുന്നതും അപകടകരമാണെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ലോക്കൽ സർക്കിൾ' അടുത്തിടെ നടത്തിയ സർവേയുടെ ഫലങ്ങൾ ഞെട്ടിക്കുന്നതാണ്. 33 ശതമാനം ഇന്ത്യക്കാരും അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മൊബൈൽ ഫോണിൽ രേഖപ്പെടുത്തി വെയ്ക്കുന്നവരാണെന്ന് സർവേ വെളിപ്പെടുത്തുന്നു. ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം എ ടി എം പിൻ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈലിലോ കമ്പ്യൂട്ടറിലോ സൂക്ഷിച്ചു വെയ്ക്കുന്നവരാണ്.
11 ശതമാനം പേർ എ ടി എം കാർഡിൻ്റെ പിൻ നമ്പർ മറക്കാതിരിക്കാൻ ഫോണിൻ്റെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്യുന്നു. 39 ശതമാനക്കാർ ഇത്തരം വിവരങ്ങൾ നോട്ടു പുസ്തകത്തിൽ കുറിച്ചു വെയ്ക്കുന്നുണ്ട്. 21 ശതമാനം ആളുകൾ മാത്രമാണ് 'കോൺഫിഡൻഷ്യൽ' ഡാറ്റ മന:പാഠമാക്കുന്നതും മറ്റാർക്കും, അതായത് കുടുംബാംഗങ്ങൾക്കു പോലും കൈമാറാത്തതും.
29 ശതമാനം ഇന്ത്യക്കാരുടെയും കാർഡ് വിവരങ്ങൾ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് അറിയാമെന്നാണ് സർവേ പറയുന്നത്. 4 ശതമാനം പേരെങ്കിലും ഇത്തരം സെൻസിറ്റീവ് ഡാറ്റ വീട്ടിൽ ജോലിക്കു നില്ക്കുന്നവരുമായും ഓഫീസിലെ സ്റ്റാഫുമായും പങ്കുവെച്ചവരാണ്. 2 ശതമാനം പേർ 'കോൺഫിഡൻഷ്യൽ' ഡാറ്റ കൂട്ടുകാരുമായി പങ്കുവെച്ചിട്ടുണ്ട്.
ഇത്തരം വിവരങ്ങൾ ഇ-മെയ്ലിൽ ഒരു കാരണവശാലും സൂക്ഷിച്ചു വെയ്ക്കരുതെന്ന് സൈബർ വിദഗ്ധർ പറയുന്നു. ഇ-മെയ്ൽ അക്കൗണ്ട് ഹാക്ക് ചെയ്തും മറ്റുമാണ് വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത്. ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാർ-പാൻ കാർഡ് വിവരങ്ങളും യാതൊരു കാരണവശാലും മറ്റു വ്യക്തികളുമായി പങ്കുവെയ്ക്കരുത്. അടുത്ത കുടുംബാംഗങ്ങളുമായി പോലും ഇത്തരം വിവരങ്ങൾ കൈമാറരുത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൈമാറ്റം അപകടത്തിനിടയാക്കും.
മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈൻ ഗെയിമുകൾ കളിച്ചും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഷോപ്പിങ്ങ് നടത്തിയും ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ കൗമാരക്കാരുടെ കഥകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കാലത്ത് സുപ്രധാനമാണ് ഈ സർവേ ഫലങ്ങൾ.