മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും; വേദനയോടെ സഹപ്രവർത്തകർ

തിരുവനന്തപുരം തുമ്പ കിന്‍ഫ്രയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായ രഞ്ജിത്തിന്‍റെ കണ്ണ് ദാനം ചെയ്യും. രഞ്ജിത് നേരത്തെ ട്രെയിനിംഗ് സമയത്ത് തന്നെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയിരുന്നു.
കുടുംബാംഗങ്ങള്‍ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് നടപടികള്‍ക്കായി തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നിന്നുള്ള സംഘം രഞ്ജിത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കിംസ് ആശുപത്രിയില്‍ എത്തി. എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്ന് സമ്മതപത്രം നേരത്തെ തന്നെ രഞ്ജിത്ത് നൽകിയിരുന്നു, ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരണപ്പെട്ടതു കൊണ്ടും വലിയ ചുവർ വീണ് മറ്റ് അവയവങ്ങൾ ചതഞ്ഞ് അരഞ്ഞതിനാലും രഞ്ജിത്തിന്‍റെ മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണ് ദാനം ചെയ്യാന്‍ തീരുമാനിച്ചതായി കുടുംബാംഗങ്ങളും വ്യക്തമാക്കി.
ഏഴ് വർഷത്തിലേറെയായി സേനയുടെ ഭാഗമാണ് ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത്. തീപ്പിടിത്തമുണ്ടായ കിൻഫ്രാ പാർക്കിന് സമീപത്തായുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകളിലൊന്നായ ചാക്കയിലെ ഉദ്യോഗസ്ഥാനിയിരുന്നു അദ്ദേഹം. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിലെ ഷട്ടർ നീക്കി അകത്തേക്ക് കടക്കാനുള്ള ശ്രമത്തനിടെ അദ്ദേഹത്തിന്റെ ദേഹത്തേക്ക് കോൺക്രീറ്റ് വീഴുകയായിരുന്നു. ഇതിനടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ ശ്രമപ്പെട്ടാണ് മറ്റ് ഉദ്യോഗസ്ഥർ പുറത്തെത്തിക്കുന്നത്.
ഒരു വർഷത്തോളമായി ചാക്ക യൂണിറ്റിന്റെ ഭാഗമായ രഞ്ജിത്ത് ഇതിന് മുൻപ് മാവേലിക്കര യൂണിറ്റിലും സേവനമനുഷ്ടിച്ചിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് അവിവാഹിതനാണ്.