ഇരിങ്ങാലക്കുടയിൽ വാട്ടർ മാപ്പിംഗ് ഫീൽഡ് സർവ്വേ നടത്തുന്നതിന് തീരുമാനം
തൃശൂർ: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജല വിതരണത്തിനായി വാട്ടർ മാപ്പിംഗ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഫീൽഡ് സർവ്വേ നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള വാട്ടർ അതോറിറ്റിയുടെ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പു വരുത്തി നെറ്റ് വർക്കിന്റെ സഹായത്തോടെ ജല വിതരണം, ജല വിനിയോഗം എന്നിവയെല്ലാം കണ്ടെത്തി എല്ലാ ദിവസവും ജലലഭ്യത ഉറപ്പുവരുത്തുക കൂടാതെ ഗാർഹിക - കാർഷിക - വാണിജ്യ ആവശ്യങ്ങൾ കൃത്യമായി തിരിച്ച് കണക്കാക്കി ദീർഘകാലടിസ്ഥാനത്തിലുള്ള ജലലഭ്യത ഉറപ്പുവരുത്തുക എന്നതാണ് വാട്ടർ മാപ്പിംഗ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വാട്ടർ മാപ്പിംഗ് വിവര ശേഖരണത്തിനായി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി ഓരോ ജനപ്രതിനിധിക്കും നൽകി താഴെ തട്ടിൽ നിന്നുള്ള ശാസ്ത്രീയ വിവര ശേഖരണവും അപഗ്രഥനവും നടത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കറുകുറ്റി എസ്.സി.എം.എസ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് വിവര ശേഖരണം നടത്തുന്നത്.
ഇരിങ്ങാലക്കുട പി. ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീമ കെ നായർ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൺ, കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ സന്ദീപ്, പൂമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത സുരേഷ്, വേളൂക്കര ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ, മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ മണി സജയൻ, കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പോളി പീറ്റർ, പ്ലാനിങ് ഡിവിഷൻ കൊച്ചി എക്സിക്യൂട്ടീവ് എൻജിനീയർ ഡോ. ഷൈജു പി തടത്തിൽ, എക്സിക്യൂട്ടീവ് എൻജിനീയർ ഇരിങ്ങാലക്കുട ഡിവിഷൻ കെ ആർ വിജു മോഹൻ, അസി.എൻജിനീയർ നാട്ടിക ഡിവിഷൻ കെ പി പ്രസാദ്, എസ്.സി.എം.എസ് കോളേജ് പ്രതിനിധികളായ ഡോ.സണ്ണി ജോർജ്, ഡോ.രതീഷ് മേനോൻ എന്നിവർ പങ്കെടുത്തു.