കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാൻ തീരുമാനം; ലക്ഷ്യം 8000 കോടി വരുമാനം

ന്യൂഡല്‍ഹി: വ്യോമയാന മേഖലയിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. എന്നിരുന്നാലും ചെലവുകൾ കണക്കിലെടുത്ത് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 8000 കോടിയിലധികം വരുമാനം നേടാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ. ആസ്തി വിറ്റഴിക്കലിലൂടെ 20000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മന്ത്രാലയത്തിന്‍റെ തീരുമാനം. വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യവൽക്കരണമെന്നും വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ തീരുമാനത്തിന്‍റെ ഭാഗമായി റായ്പൂർ, ജയ്പൂർ, വിജയവാഡ, കൊൽക്കത്ത, ഇൻഡോർ എന്നിവയുൾപ്പെടെ 12 വിമാനത്താവളങ്ങളുടെ പട്ടിക സ്വകാര്യവൽക്കരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. വ്യോമയാന മേഖല വീണ്ടെടുത്തതായി വിശ്വസിക്കുന്നുവെന്നും ഇന്ത്യയിലെ ഈ വളർച്ച വരും വർഷങ്ങളിലും തുടരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. അതിനാൽ കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള ശ്രമം തുടരും. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ (ഐസിഎഒ) സൂചികയിൽ വ്യോമയാന സുരക്ഷയുള്ള മികച്ച 50 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 48-ാം സ്ഥാനത്താണ്.

Related Posts