അഫ്ഗാൻ പിൻമാറ്റത്തിനു ശേഷം കുത്തനെ ഇടിഞ്ഞ് ജോ ബൈഡന്റെ റേറ്റിങ്ങ്

അഫ്ഗാനിസ്താനിൽ നിന്നുള്ള സേനാ പിൻമാറ്റത്തിനു ശേഷം അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ റേറ്റിങ്ങിൽ എക്കാലത്തേയും വലിയ ഇടിവു സംഭവിച്ചതായി സർവേ. എന്നാൽ അഫ്ഗാനിസ്താനിൽ നിലവിലുള്ള സാഹചര്യത്തിന്റെ പൂർണമായ ഉത്തരവാദിത്തം ജോ ബൈഡന് മാത്രമാണെന്ന് അമേരിക്കക്കാർ കരുതുന്നില്ല. ഏറ്റവും ഉത്തരവാദിത്തമുള്ളയാളായി 36 ശതമാനവും കരുതുന്നത് ജോർജ് ഡബ്ല്യു ബുഷിനെയാണ്.
21 ശതമാനം പേർ ജോ ബൈഡനെ കുറ്റപ്പെടുത്തുമ്പോൾ 15 ശതമാനക്കാർ ബരാക് ഒബാമയേയും 12 ശതമാനം ഡൊണാൾഡ് ട്രമ്പിനേയും കുറ്റപ്പെടുത്തുന്നു.
എൻ പി ആർ, പി ബി എസ് ന്യൂഷോറൂം എന്നിവയുമായി സഹകരിച്ചുള്ള മാരിസ്റ്റ് നാഷണൽ സർവേയിലാണ് ജനപിന്തുണയിൽ ബൈഡൻ പിറകിലായി എന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. 43 ശതമാനത്തിലേക്കാണ് ബൈഡന്റെ റേറ്റിങ്ങ് താഴ്ന്നത്. അധികാരമേറ്റതിന് ശേഷമുള്ള ബൈഡന്റെ ഏറ്റവും മോശം റേറ്റിങ്ങാണിത്.
വിദേശനയം കൈകാര്യം ചെയ്യുന്ന പ്രസിഡണ്ടിന്റെ രീതിയെ ഭൂരിഭാഗം അമേരിക്കക്കാരും അംഗീകരിക്കുന്നില്ല എന്ന് സർവേ വെളിപ്പെടുത്തുന്നു. അഫ്ഗാനിസ്താനിലെ അമേരിക്കൻ ഇടപെടൽ ഒരു "പരാജയം" ആണെന്ന് വലിയ വിഭാഗം ജനങ്ങളും വിശേഷിപ്പിക്കുന്നു. 56 ശതമാനം അമേരിക്കക്കാരാണ് ബൈഡൻ്റെ വിദേശനയം കൈകാര്യം ചെയ്യുന്ന രീതിയെ അംഗീകരിക്കാത്തത്. 61 ശതമാനം ജനങ്ങളും അഫ്ഗാനിസ്താനിൽ നിന്നുള്ള അമേരിക്കൻ സേനാ പിൻമാറ്റത്തെ എതിർക്കുന്നു.
അഫ്ഗാനിസ്താനിൽ എന്ത് ചെയ്യണമായിരുന്നു എന്നതിനെ സംബന്ധിച്ച വ്യക്തമായ അഭിപ്രായം പറയുന്നില്ലെങ്കിലും ഭൂരിഭാഗം പേരും- ഏകദേശം 71 ശതമാനം- അമേരിക്കയുടെ പങ്ക് പരാജയമാണെന്ന് അഭിപ്രായപ്പെട്ടു. ഈ 71 ശതമാനക്കാരിൽ 73 ശതമാനം റിപ്പബ്ലിക്കൻമാരും 66 ശതമാനം ഡെമോക്രാറ്റുകളും ഉൾപ്പെടുന്നു.
ബൈഡൻ്റെ സ്വന്തം പാർട്ടിക്കാർക്കിടയിൽ തന്നെയുള്ള വിയോജിപ്പുകളാണ് സർവേ പുറത്തു കൊണ്ടുവന്നത്.
61 ശതമാനം അമേരിക്കക്കാരും കരുതുന്നത് യുഎസിൻ്റെ ഇടപെടലില്ലാതെ തന്നെ അഫ്ഗാനിസ്താൻ അതിന്റെ ഭാവി നിർണയിക്കണമെന്നാണ്. അതേസമയം അഫ്ഗാനിസ്താൻ്റെ ഭാഗധേയം നിർണയിക്കുന്നതിൽ യു എസ് അതിൻ്റെ "കടമ" നിർവഹിക്കണമെന്ന് 29 ശതമാനം പേർ കരുതുന്നു.
അഫ്ഗാനിസ്താനിലെ സാഹചര്യം യുഎസ് എങ്ങനെ കൈകാര്യം ചെയ്യണമായിരുന്നു എന്ന ചോദ്യത്തോട് വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് സർവേ തെളിയിക്കുന്നു. മുഴുവൻ സൈനികരെയും പിൻവലിച്ച തീരുമാനത്തോട് 37 ശതമാനം യോജിക്കുമ്പോൾ 38 ശതമാനം പേർ സമ്പൂർണമായ പിൻമാറ്റത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. ഒരു വിഭാഗം സൈന്യത്തെ നിലനിർത്തേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് അവർക്കുള്ളത്. 10 ശതമാനം പേർ സേനാ പിന്മാറ്റമേ പാടില്ലായിരുന്നു എന്ന് അഭിപ്രായപ്പെടുമ്പോൾ കൂടുതൽ സൈനികരെ അയയ്ക്കണമായിരുന്നു എന്ന അഭിപ്രായമാണ് 5 ശതമാനം പേർക്കുള്ളത്.