വെച്ചൂർ പശു സംരക്ഷണത്തിന് സമർപ്പിത ജീവിതം; പത്മശ്രീ നിറവിൽ ഡോ. ശോശാമ്മ ഐപ്പ്

വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ഡോ. ശോശാമ്മ ഐപ്പ് ഇറങ്ങിത്തിരിക്കുന്നത് 1980-കളുടെ തുടക്കത്തിലാണ്. വംശനാശത്തിൻ്റെ വക്കിൽനിന്ന ഒരു ജീവിവർഗത്തെ സംരക്ഷിക്കാനും അതിൻ്റെ മികവും ഗുണവും പ്രാധാന്യവും അധികാരികളെ ബോധ്യപ്പെടുത്താനും നാല് പതിറ്റാണ്ട് മുമ്പ് ഇറങ്ങിത്തിരിക്കുമ്പോൾ ശോശാമ്മയുടെ സ്വപ്നങ്ങളിൽ പത്മശ്രീ പോയിട്ട് മൃഗസംരക്ഷണ വകുപ്പിൻ്റെ അംഗീകാരം പോലും ഇടം പിടിച്ചിരുന്നില്ല.

സങ്കരയിനം പശുക്കളുടെ ഉത്പാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാർ നയം നിലനിന്ന കാലം. നാടൻ ഇനങ്ങളെ പൂർണമായും അവഗണിക്കുന്ന അവസ്ഥ. തീർത്തും പ്രതികൂലമായ അത്തരമൊരു കാലാവസ്ഥയിലാണ് വെച്ചൂർ പശു സംരക്ഷണത്തിനായി അവർ മുന്നിട്ടിറങ്ങുന്നത്.

വെല്ലുവിളികളും നിസ്സഹകരണവും കുപ്രചാരണങ്ങളും അടക്കം മുന്നോട്ടുള്ള വഴിയിൽ എത്രയോ തടസ്സങ്ങൾ. നിയമ പോരാട്ടങ്ങൾ. ഔദ്യോഗികമായ നൂലാമാലകൾ എതിരുനിൽക്കുന്ന മനസ്സ് മടുപ്പിക്കുന്ന സാഹചര്യം. എല്ലാ പ്രതിബന്ധങ്ങളും മറികടക്കാൻ കൂട്ടിനുണ്ടായിരുന്നത് ഒടുങ്ങാത്ത ഇച്ഛാശക്തിയും അടങ്ങാത്ത അർപ്പണ ബോധവും തന്നെ.

നിരന്തരമായ ശ്രമങ്ങളിലൂടെ വെച്ചൂരിൻ്റെ തനത് നാടൻ ജീവിവർഗത്തെ അവർ കൈപിടിച്ച് ഉയർത്തി. ലോക ജൈവ വൈവിധ്യ ഭൂപടത്തിൽ അതിൻ്റെ പ്രാധാന്യം എന്നന്നേക്കുമായി അടയാളപ്പെടുത്തി. വംശനാശ ഭീഷണിയുടെ വക്കിൽനിന്ന് കൈപിടിച്ച് കയറ്റി. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ആ പോരാട്ടം ഒടുവിൽ ഇതാ രാജ്യം അംഗീകരിച്ചിരിക്കുന്നു. പത്മ പുരസ്കാരം നൽകി ആദരിച്ചിരിക്കുന്നു.

1942-ൽ പത്തനംതിട്ട ജില്ലയിലെ നിരണത്ത് തേവേരി പുള്ളിപടവിൽ കോട്ടയിൽ വീട്ടിലാണ് ശോശാമ്മ ഐപ്പ് ജനിച്ചത്. 1950-കളിൽ തന്നെ അവരുടെ വീട്ടിൽ വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു. പശുക്കളുടെ മികവും ഗുണവും പാലിൻ്റെ ഔഷധ ഗുണവുമെല്ലാം അങ്ങിനെയാണ് നേരിട്ട് അനുഭവിച്ചറിയുന്നത്.

കേരള കാർഷിക സർവകലാശാലയിൽ വിദ്യാർഥിനി ആയിരിക്കുമ്പോഴാണ് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള വെച്ചൂർ എന്ന പ്രദേശത്ത് ഉരുത്തിരിഞ്ഞ നാടൻ പശുക്കളുടെ സംരക്ഷണത്തിനായി അവർ മുന്നിട്ടിറങ്ങുന്നത്. മറ്റ് വിദ്യാർഥികളും അവർക്കൊപ്പം ചേർന്നു.

പതിറ്റാണ്ടുകളുടെ വിശ്രമമില്ലാത്ത ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചിട്ടും മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ മുഴുകിയുള്ള ജീവിതമാണ് ഡോ. ശോശാമ്മ ഐപ്പ് മുന്നോട്ടു കൊണ്ടു പോകുന്നത്. ഇപ്പോഴും വെച്ചൂർ പശു സംരക്ഷണ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയാണ്.

വെച്ചൂർ പശുവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങി നിന്നില്ല കർമനിരതമായ കാലത്തെ അവരുടെ പ്രവർത്തനങ്ങൾ. കാസർകോഡിന്റെ തനതു ജനുസായ കാസർകോഡ് പശുവിനെയും കോട്ടയത്തെ ചെറുവള്ളി പ്രദേശത്തുള്ള ചെറുവള്ളി പശുവിനെയും സംരക്ഷിക്കാൻ മുൻകൈയെടുത്തു. കുട്ടനാട്ടിലെ ചാര-ചെമ്പല്ലി താറാവുകളുടെയും അങ്കമാലി പന്നിയുടെയും സംരക്ഷണത്തിനായും പ്രവർത്തിച്ചു.

ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രോജക്ടിന്റെയും (യു എൻ ഇ പി) അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മണ്ണുത്തിയിൽ ഇന്ദിരാനഗറിൽ താമസം. കാർഷിക സർവകലാശാലയിലെ റിട്ട. പ്രൊഫസർ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. രണ്ടു മക്കൾ.

Related Posts