ചെങ്കോട്ട ആക്രമണക്കേസിലെ പ്രതി ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു
ചെങ്കോട്ട ആക്രമണക്കേസിലെ പ്രതിയും പഞ്ചാബി ഗായകനും നടനുമായ ദീപ് സിദ്ദു (43) വാഹനാപകടത്തിൽ മരിച്ചു. സോനെപത്തിലെ കുണ്ഡ്ലി-മനേസർ-പൽവാൽ എക്‌സ്പ്രസ് വേയിൽ പിപ്ലി ടോൾ പ്ലാസയ്ക്ക് സമീപം വെച്ചാണ് അപകടം. നടൻ സഞ്ചരിച്ചിരുന്ന എസ് യു വി ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് നടനൊപ്പം പ്രതിശ്രുത വധുവും നടിയുമായ റീന റായിയും ഉണ്ടായിരുന്നു. ഡൽഹിയിൽ നിന്ന് ഇരുവരും പഞ്ചാബിലേക്ക് പോകുകയായിരുന്നു. സിദ്ദുവിനെയും റായിയെയും ഉടൻ തന്നെ ഖാർഖൗഡയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് നടൻ്റെ മരണം. റായിയെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാജ്യ തലസ്ഥാനത്ത് നടന്ന ട്രാക്റ്റർ റാലിക്കിടെ, ചെങ്കോട്ടയിൽ സിഖ് മതക്കാർ പാവനമായി കരുതുന്ന നിഷാൻ സാഹിബ് പതാക ഉയർത്തിയ സംഭവത്തോടെയാണ് കർഷക സമരവുമായി ബന്ധപ്പെട്ട് ദീപ് സിദ്ദു വിവാദ പുരുഷനായി മാറിയത്. ട്രാക്റ്റർ റാലിക്കിടെ, പൊലീസുമായി നേരത്തേ ഉണ്ടായിരുന്ന ധാരണ തെറ്റിച്ച് കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു എന്ന ആരോപണത്തിൽ നടൻ പ്രതിസ്ഥാനത്തുണ്ട്. ദീപ് സിദ്ദുവിൻ്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ചെങ്കോട്ടയിൽ കയറിയതും സിഖ് പതാക ഉയർത്തിയതും ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമരാനുകൂലികൾ സിദ്ദുവിനെതിരെ തിരിഞ്ഞതും സമരവേദിയിൽ നിന്ന് അയാളെ ആട്ടിപ്പായിക്കുന്നതും ദേശീയ തലത്തിൽ വാർത്തയായിരുന്നു. ഒരു ബൈക്കിൽ കയറി സമര സ്ഥലത്തുനിന്ന് സിദ്ദു കടന്നു കളയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്റ്റർ റാലിക്കിടെ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്താൻ ആലോചിച്ചിരുന്നില്ലെന്നും ഗൂഢലക്ഷ്യത്തോടെയാണ് ഒരു സംഘം അതിന് മുതിർന്നത് എന്നും കർഷക സംഘടനകൾ പ്രസ്താവന ഇറക്കിയിരുന്നു. കർഷക സമരത്തെ അപകീർത്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ തന്നെയാണ് സിദ്ദുവിനെ രംഗത്തിറക്കിയത് എന്നായിരുന്നു സംഘടനകളുടെ ആരോപണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ഗുരുദാസ്പുർ എം പി സണ്ണി ഡിയോളിൻ്റെ ഇലക്ഷൻ മാനേജരായിരുന്നു ദീപ് സിദ്ദു എന്നുള്ള വാർത്തകളും ആരോപണത്തിന് മൂർച്ച കൂട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം നടൻ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഒളിവിൽ കഴിയുന്ന സമയത്തും സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദീപ് സിദ്ദു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നടൻ്റെ കാമുകിയാണ് അതിനു പിന്നിലെന്നായിരുന്നു ചില റിപ്പോർട്ടുകൾ.