ദീപിക പദുക്കോൺ അഡിഡാസിന്റെ ബ്രാന്റ് അംബാസഡർ
പ്രമുഖ സ്പോർട്സ് ഉത്പന്ന നിർമാതാക്കളായ അഡിഡാസിന്റെ ബ്രാന്റ് അംബാസഡറായി ബോളിവുഡിലെ സൂപ്പർ താരം ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു. ദീപിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് സ്പോർട്സിന് ഉള്ളതെന്നും ഒരു അത് ലെറ്റ് എന്ന നിലയിൽ തന്നെ പരുവപ്പെടുത്തിയതിൽ അത് നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. മറ്റൊരു തരത്തിലും കൈവരിക്കാൻ കഴിയാത്തത്ര ജീവിതാനുഭവങ്ങളാണ് അത് പകർന്നു തന്നത്. ലോകത്തിലെ ഐക്കോണിക് ബ്രാൻഡുകളിൽ ഒന്നായ അഡിഡാസുമായി കരാറിൽ ഏർപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട്.
ശാരീരികവും മാനസികവുമായ ഫിറ്റ്നസ് തന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിട്ടുണ്ട്. പ്രമുഖ ബാഡ്മിന്റൺ താരം പി വി സിന്ധുവുമൊത്ത് ബാഡ്മിന്റൺ കളിക്കുന്ന ചിത്രം കുറച്ചുനാൾമുമ്പ് ദീപിക പങ്കുവെച്ചിരുന്നു. "ജസ്റ്റ് എ റെഗുലർ ഡേ" എന്ന ക്യാപ്ഷനാണ് ആ ചിത്രത്തിന് നൽകിയിരുന്നത്. രാജ്യം കണ്ട എക്കാലത്തേയും മികച്ച ബാഡ്മിന്റൺ കളിക്കാരിൽ ഒരാളായ പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. കൗമാരകാലത്ത് നാഷണൽ ടീമിൽ ദീപിക കളിച്ചിട്ടുണ്ട്. പിന്നീടാണ് മോഡലിങ്ങിലേക്കും സിനിമാ മേഖലയിലേക്കും പ്രവേശിക്കുന്നത്.
മൂന്നുവർഷം മുമ്പ് വിവാഹം കഴിക്കാൻ തീരുമാനിച്ച സമയത്ത് കുറച്ചുകാലം അതൊരു രഹസ്യമായി കൊണ്ടുനടക്കാൻ കഴിഞ്ഞിരുന്നു. അഡിഡാസുമായുള്ള കരാർ ഒപ്പുവെച്ച വിവരം അത്തരത്തിൽ രഹസ്യമാക്കി വെയ്ക്കാൻ കഴിയുന്നതല്ല. വാർത്ത ഔദ്യോഗികമായി പുറത്തു വിടുന്നതിൽ ആശ്വാസമുണ്ടെന്ന് താരം പറഞ്ഞു.