'മാറിടം വലുതാക്കാൻ ശസ്ത്രക്രിയ നടത്താൻ പറഞ്ഞു'; തനിക്ക് ലഭിച്ച മോശം ഉപദേശത്തെക്കുറിച്ച് ദീപിക പദുക്കോൺ
മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച്, ഇന്ന് ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. എങ്ങനെയെങ്കിലും കരിയർ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത് നിരവധി ഉപദേശങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. തന്റെ 18ാംവയസിൽ തനിക്ക് ലഭിച്ച ഏറ്റവും മോശം ഉപദേശ ത്തെ കുറിച്ചാണ് താരം പറയുന്നത്. മാറിടം വലുതാക്കാൻ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഉപദേശം. കേട്ടമാത്രയിൽ തന്നെ തള്ളിക്കളയാനുള്ള വിവേകം തനിക്കുണ്ടായി എന്നും താരം പറഞ്ഞു.
'എന്തുകൊണ്ടും ചീത്ത ഉപദേശമായിരുന്നു അത്. അക്കാലത്ത് അത് തള്ളിക്കളയാൻ തോന്നിയല്ലോ എന്നോർത്ത് ഇന്ന് അഭിമാനം തോന്നുന്നു. 18-ാം വയസ്സിലായിരുന്നു അതെന്ന് ഓർക്കണം. എങ്ങനെയെങ്കിലും കരിയർ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത്. എന്നിട്ടും അതൊരു മോശം ഉപദേശമായിത്തന്നെ തള്ളിക്കളയാൻ എനിക്കു കഴിഞ്ഞു.'- ഒരു അഭിമുഖത്തിൽ ദീപിക വ്യക്തമാക്കി.
ജീവിതം മാറ്റിമറിച്ച ഏറ്റവും മികച്ച ഉപദേശവും താരം മറന്നിട്ടില്ല. തന്റെ ആദ്യ സിനിമയിലെ നായകൻ സൂപ്പർതാരം ഷാരുഖ് ഖാനിൽ നിന്നായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല ഉപദേശം ലഭിച്ചതെന്നാണ് ദീപിക പറയുന്നത്. മികച്ചതെന്ന് തോന്നുന്ന ആളുകൾക്കൊപ്പം മാത്രം ചേർന്നു പ്രവർത്തിക്കുക എന്നായിരുന്നു ഷാരുഖ് ഖാൻ പറഞ്ഞത്.
'നല്ലൊരു അനുഭവത്തിലൂടെ കടന്നുപോകാൻ കഴിയും എന്ന് ഉറപ്പുള്ള ആളുകളുമായി മാത്രം ചേർന്നുപ്രവർത്തിക്കുക. ഒരു സിനിമയിൽ അഭിനയിക്കുക എന്നു പറഞ്ഞാൽ ഒരു ടീമിനൊപ്പം ജീവിക്കുക എന്നാണർഥം. അക്കാലത്തിന്റെ ഓർമകൾ പിന്നീട് കുറേക്കാലം മനസ്സിൽ ഉണ്ടാകും. നല്ല അനുഭവങ്ങളും ബാക്കിനിൽക്കും. അതുകൊണ്ടുതന്നെ മികച്ച ആളുകൾക്കൊപ്പം ജോലി ചെയ്യാൻ തയാറാകുക. അങ്ങനെ നല്ല ഓർമകളും മധുരമുള്ള അനുഭവങ്ങളുമായി ഓരോ ഷൂട്ടിങ് സെറ്റിൽ നിന്നും മടങ്ങാനായിരുന്നു ഷാരുഖിന്റെ ഉപദേശം'. ഇത് ജീവിതത്തിലെ വഴിവിളക്കായി തോന്നി എന്നാണ് ദീപിക പറയുന്നത്.