95-ാമത് ഓസ്കാർ വേദിയിൽ അവതാരകയായി ദീപികയും എത്തുന്നു

ലോസ് ആഞ്ജലിസ്: 95-ാമത് ഓസ്കാർ പുരസ്കാരങ്ങൾ ഈ മാസം 13ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം കൂടിയാണിത്. രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിന്‍റെ സാന്നിധ്യമാണ് ഇതിന് കാരണം. എന്നാൽ, ഈ വർഷത്തെ ഓസ്കാറിൽ ഇന്ത്യൻ സിനിമാ ആരാധകർക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ബോളിവുഡ് നടി ദീപിക പദുക്കോണിലൂടെയാണ് ആ അഭിമാന നിമിഷം വന്നുചേരുന്നത്. ഓസ്കാർ ചടങ്ങ് നയിക്കുന്ന അവതാരകരിൽ ഒരാളായാണ് ദീപിക എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഓസ്കാർ അവാർഡ് ചടങ്ങിനുള്ള അവതാരകരുടെ പട്ടികയിൽ ദീപികയും ഇടം നേടിയിട്ടുണ്ട്. 16 അവതാരകരാണ് മൊത്തത്തിൽ ഉള്ളത്. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫർ കോനെല്ലി, അരിയാന ഡിബോസ്, സാമുവൽ എൽ ജാക്സൺ, ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോര്‍ഡന്‍, ട്രോയ് കോട്സൂര്‍, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാർത്തി, ജാനെൽ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെൻ എന്നിവരാണ് ഓസ്കാർ അവാർഡ് ദാന ചടങ്ങ് നയിക്കുന്ന മറ്റ് താരങ്ങൾ. അക്കാദമി പുറത്തിറക്കിയ പട്ടിക ദീപിക തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. രൺവീർ സിങ്, നേഹാ ധൂപിയ തുടങ്ങി നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതാദ്യമായല്ല ദീപിക അന്താരാഷ്ട്ര വേദികളിൽ തിളങ്ങുന്നത്. ഖത്തറിൽ നടന്ന കഴിഞ്ഞ ഫിഫ ലോകകപ്പിൽ ട്രോഫി അനാവരണം ചെയ്തതും ദീപിക ആയിരുന്നു. കഴിഞ്ഞ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗങ്ങളിൽ ഒരളായും ദീപിക തിളങ്ങിയിരുന്നു.

Related Posts