അതിർത്തി സംഘർഷം; ചൈന ശ്രമിച്ചത് തൽസ്ഥിതിയില്‍ മാറ്റംവരുത്താനെന്ന് പ്രതിരോധമന്ത്രി
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ തൽസ്ഥിതി മാറ്റാൻ ചൈന ശ്രമിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങളല്ലാതെ മറ്റൊന്നും പ്രസ്താവനയിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് ലോക്സഭയിൽ ഹ്രസ്വമായ പ്രസ്താവനയാണ് നടത്തിയത്. ചൈനീസ് സൈന്യം തവാങ് സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചു. ചൈനീസ് സൈന്യം തൽസ്ഥിതി മാറ്റാനാണ് ശ്രമിച്ചത്. ഇതിനെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചു. ഇതേതുടർന്ന് ചൈനീസ് സൈന്യത്തിന് മടങ്ങേണ്ടി വന്നു. സംഘർഷത്തിൽ ഇരുപക്ഷത്തുനിന്നുമുള്ള സൈനികർക്ക് നിസ്സാര പരിക്കേറ്റു. ഇന്ത്യൻ സൈനികർക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സിംഗ് പറഞ്ഞു. രാജ്യത്തിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യം ശക്തമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രാദേശിക തലത്തിൽ ഫ്ലാഗ് മീറ്റിങ് നടന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ ഇരുവിഭാഗവും തീരുമാനിച്ചതെന്നും രാജ്നാഥ് സിംഗ് ലോക്സഭയിൽ പറഞ്ഞു.