പോക്‌സോ സമ്മതപ്രകാരമുള്ള ബന്ധങ്ങളെ കുറ്റകരമാക്കുന്നതിനല്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമമെന്നും ചെറുപ്പക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം കുറ്റകരമാക്കാനല്ലെന്നും ഡൽഹി ഹൈക്കോടതി. പതിനേഴുകാരിയായ പെൺകുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ബലാത്സംഗക്കേസിലും പോക്സോ കേസിലും പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. "എന്‍റെ അഭിപ്രായത്തിൽ, 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനാണ് പോക്സോ ലക്ഷ്യമിടുന്നത്. ചെറുപ്പക്കാരുടെ സമ്മതത്തോടെയുള്ള ബന്ധത്തെ കുറ്റകരമാക്കാൻ ഉദ്ദേശിച്ചുള്ളതല്ല അത്,' ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു. "എന്നാൽ ലൈംഗിക ചൂഷണത്തിന് ഇരയായ ആളുകളെ നിര്‍ബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തിക്കുന്ന സാഹചര്യവും ഉണ്ടാകാം. അതിനാൽ, ഓരോ കേസും വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കണം", അദ്ദേഹം പറഞ്ഞു.